| Tuesday, 16th July 2024, 5:07 pm

"ഇന്ത്യ വൈവിധ്യമാർന്ന മതങ്ങളും ആചാരങ്ങളുമുള്ള നാട്"; താടി വെച്ചതിന് മുസ്‌ലിം പൊലീസുകാരനെ ശിക്ഷിച്ച നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: താടിവെച്ചതിന് മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച നടപടി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. വൈവിധ്യമാര്‍ന്ന മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും പൊലീസ് വകുപ്പ് കര്‍ശനമായി അച്ചടക്കം പാലിക്കണമെന്നും ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരിയുടെ ബെഞ്ച് പറഞ്ഞു.

താടി വെച്ചാല്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു വ്യക്തിയെ ശിക്ഷിക്കാമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2019ല്‍ ഗ്രേഡ് ഐ പൊലീസ് കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം ലഭിച്ച ജി. അബ്ദുള്‍ ഖാദര്‍ ഇബ്രാഹിം സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

മദ്രാസ് പൊലീസിന്റെ ഉത്തരവിന് വിരുദ്ധമായി താടി വളര്‍ത്തിയതിനും 31 ദിവസത്തെ അവധി കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനും ഇബ്രാഹിമിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

പിന്നാലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇബ്രാഹിമിന്റെ ഇന്‍ക്രിമെന്റ് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇബ്രാഹിം കോടതിയെ സമീപിച്ചത്.

മദ്രാസ് പൊലീസ് ഗസറ്റിന് നല്‍കിയ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, താടി വളർത്താൻ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കാനാവില്ലെങ്കിലും, മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവിതകാലം മുഴുവന്‍ താടി നിലനിര്‍ത്താന്‍ അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അവധിയില്‍ നിന്ന് മടങ്ങിയെത്തിയ ഇബ്രാഹിമിന് അണുബാധ ഉണ്ടായിരുന്നെന്നും ഇത് കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ലീവ് അനുവദിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.

പൊലീസിന്റെ ശിക്ഷ റദ്ദാക്കിയ കോടതി വിഷയം പുനഃപരിശോധിക്കണമെന്ന് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ പരിഗണിക്കാതെയാണ് തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇബ്രാഹിം വാദിച്ചു. മുസ്‌ലിം വിശ്വാസം പ്രകാരം ജീവിതകാലം മുഴുവന്‍ താടി വളര്‍ത്താന്‍ തനിക്ക് അവകാശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശിക്ഷാ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് അധികൃതര്‍ രംഗത്തെത്തി. ഇബ്രാഹിം സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വഭാവം കാരണം മുമ്പും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വാദിച്ചു.

Content Highlight: Madras High Court Sets Aside Punishment On Muslim Policeman For Keeping Beard

We use cookies to give you the best possible experience. Learn more