ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. സംഭവത്തെ തുര്‍ന്നുള്ള അക്രമത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹൈക്കോടതി ജസ്റ്റിസ് എന്‍. സതീഷ് കുമാറാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
അതിനിടെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരും അറസ്റ്റിലായിട്ടുണ്ട്. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സംഭവത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 250 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കൂളിലെ ബസുകളും പൊലീസ് വാഹനങ്ങളും ജനക്കൂട്ടം അഗ്‌നിക്കിരയാക്കിയിരുന്നു. ബന്ധുക്കളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന റോഡുപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. സ്‌കൂളിലെ അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വെച്ച് അവഹേളിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ ട്യൂഷന്‍ ഫീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്.
പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ബുധനാഴ്ച രാവിലെ ഹോസ്റ്റല്‍ പരിസരത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കെട്ടിടത്തിന്റെ മുകളില്‍നിന്നും വിദ്യാര്‍ത്ഥിനി ചാടി ആത്മഹത്യചെയ്തതാണെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞിരുന്നു.
Content Highlights: Madras High Court says re-postmortem the body of Suicide of a Tamil Nadu plus two student; Two teachers were arrested; 250 protesters in custody