| Friday, 18th October 2024, 7:47 pm

ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള ഇടമല്ല, അനുവദിക്കില്ല: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ക്ഷേത്രങ്ങളില്‍ റീല്‍സ് എടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള സ്ഥലമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീലുകളെടുത്ത ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരായ ഹരജി പരിഗണിക്കവേയാണ് പരാമര്‍ശം.

ക്ഷേത്രങ്ങളില്‍ നിന്നുകൊണ്ട് റീല്‍സ് എടുക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും കോടതി ചോദിച്ചു. ക്ഷേത്രങ്ങളില്‍ റീല്‍സ് എടുക്കാന്‍ ഇനിമുതല്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. നാഗപട്ടണം സ്വദേശി ജയപ്രകാശ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

റീല്‍സ് ചിത്രീകരിച്ച ക്ഷേത്ര ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ജസ്റ്റിസ് എം. ദണ്ഡപാണിയുടേതായിരുന്നു നിര്‍ദേശം.

ട്രസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അരുണ്‍ നടരാജനോട് കോടതി ആവശ്യപ്പെട്ടു.

നടപടിയില്‍ ഒക്ടോബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഒക്ടോബര്‍ 29ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

ഏപ്രില്‍ 24ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുമ്പില്‍ വെച്ച് ട്രസ്റ്റി ഉള്‍പ്പെടെ 12 വനിതാ ജീവനക്കാര്‍ നൃത്തം ചെയ്തുവെന്നും വീഡിയോ പകര്‍ത്തിയെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ജീവനക്കാര്‍ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ഹരജിക്കാരന്റെ വാദം. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം പരാജയപ്പെട്ടുവെന്നും ഹരജിയില്‍ പറയുന്നുണ്ട്.

Content Highlight: Madras High Court says not to take reels in temples

We use cookies to give you the best possible experience. Learn more