തൃശൂര്‍: ഭരണഘടന വ്യാഖ്യാനിക്കേണ്ട കോടതികള്‍ മനുസ്മൃതിയും ഭഗവത്ഗീതയും ഉദ്ധരിച്ച് വിധിപറയുന്ന സ്ഥിതിയാണെന്ന് മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് കെ. ചന്ദ്രു. രാജ്യത്ത് സാമൂഹിക നീതിയും സംവരണവും അട്ടിമറിക്കപ്പെടുകയാണെന്നും ചന്ദ്രു കുറ്റപ്പെട്ടുത്തി.
‘സംവരണം സാമൂഹികനീതി പ്രാതിനിധ്യം’ എന്ന വിഷയത്തില്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സമദര്‍ശി സംഘടിപ്പിച്ച പ്രഭാഷണത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാനുസൃതമായി ലഭിക്കേണ്ട സാമൂഹിക നീതിയും സംവരണവും അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടനയെ അറിയുകയും ആയുധമാക്കുകയുമാണ് വേണ്ടതെന്നും ചന്ദ്രു വ്യക്തമാക്കി.
‘മനുസ്മൃതി നിയമവ്യവസ്ഥയിലേക്ക് കയറിവരികയാണോയെന്ന സംശയം ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമീപകാലത്ത് കോടതി നടപടികള്‍ക്കിടെ ചില ന്യായാധിപന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഇത്തരം സംശയങ്ങള്‍ക്കിടയാക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും രഹസ്യാത്മകമായി നടക്കുന്നത് ജഡ്ജിമാരുടെ നിയമനമാണ്. കൊളോണിയല്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചെങ്കോല്‍ പ്രതിഷ്ഠിച്ചത് ഇതിനൊരുദാഹരണമാണ്. കോടതികള്‍ പോലും സംവരണം അട്ടിമറിക്കുന്ന സ്ഥിതിയാണ്.