ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്തയുടെ വിവാദ സ്റ്റെര്‍ലെറ്റ് പ്ലാന്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നേരത്തെ പ്ലാന്റ് അടച്ചു പൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) റദ്ദ് ചെയ്തിരുന്നു. പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കൈമാറാനായിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് എന്‍.ജി.ടി നല്‍കിയ നിര്‍ദേശം.
മധുരൈ ബെഞ്ചിലെ ജസ്റ്റിസ് കെ.കെ ശശീന്ദ്രനും പി.ടി ഓദികേശവാലുവും പ്ലാന്റ് തുറക്കാനുള്ള എല്ലാ നീക്കങ്ങളില്‍ നിന്നും വേദാന്തയെ വിലക്കുകയും ചെയ്തു. ജനുവരി 21 വരെ കോടതി ഉത്തരവ് നിലനില്‍ക്കുമെന്നും അതിനുള്ളില്‍ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. എന്‍.ജി.ടിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെപ്പില്‍ മേയില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. കമ്പനി അടച്ചു പൂട്ടുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി “വേദാന്ത” കമ്പനി നല്‍കിയ അപ്പീലിലായിരുന്നു എന്‍ജിടി നടപടി.
തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആന്റി-സെറ്റര്‍ലൈറ്റ് ആക്ടിവിസ്റ്റുകള്‍ സമരത്തിനൊരുങ്ങിയിരുന്നു.
ഇന്ത്യയുടെ ചെമ്പുല്‍പാതനത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്നത് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ആണ്. വെടിവെപ്പിനെ തുടര്‍ന്ന് അന്തരാഷ്ട്ര തലത്തിലും വേദാന്തയ്ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത കമ്പനിക്കെതിരെ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ച്ചേഞ്ചില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലണ്ടനിലെ ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.
Image Credits: Reuters