ചെന്നൈ: ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ പൊലീസുകാര്‍ റെയ്ഡുകള്‍ നടത്തുമ്പോള്‍ സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി.
റെയ്ഡിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
”ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുമ്പോള്‍ സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യരുത്, നിയമവിരുദ്ധമായ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി,” എന്ന സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ വിധി പ്രസ്താവിച്ചത്.
ലൈംഗിക തൊഴില്‍ കേന്ദ്രത്തിലെ ഒരു കസ്റ്റമര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദ് ചെയ്തുകൊണ്ടായിരുന്നു കോടതി വിധി.
”ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ പെറ്റീഷണര്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ആരോപിക്കുന്നുണ്ട് എന്നുകരുതി, പെറ്റീഷണര്‍ക്ക് പിഴ ഈടാക്കാനോ മറ്റ് ശിക്ഷ നല്‍കാനോ പാടില്ല. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി ലൈംഗികത്തൊഴിലാളികളെ ഇയാള്‍ സെക്‌സിന് വേണ്ടി നിര്‍ബന്ധിച്ചു എന്നും പറയാനാകില്ല,” ജസ്റ്റിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയായ വ്യക്തി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി വിധിയെ ശരിവെച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞു.
ചിന്ത്രാദിപേട്ടിലെ ഒരു ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ഉദയകുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി.
ലൈംഗിക തൊഴില്‍ കേന്ദ്രം റെയ്ഡ് ചെയ്ത സമയത്ത് സെക്‌സ് വര്‍ക്കേഴ്‌സിനൊപ്പം ഉദയകുമാര്‍ അവിടെ ഉണ്ടായിരുന്നു എന്നതാണ് പൊലീസ് കുറ്റമായി ആരോപിച്ചത്. എന്നാല്‍ ഇത് ഒരു കുറ്റകൃത്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ ലൈംഗിക തൊഴില്‍ നിയമവിരുദ്ധമല്ലെങ്കില്‍ പോലും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ ഐ.പി.സി സെക്ഷന്‍ 370 പ്രകാരം നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.
Content Highlight: Madras High Court order says, Don’t arrest sex workers during raids on brothels