ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി. സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ആഴ്ചയില്‍ ഒരു തവണ വന്ദേമാതരം ചൊല്ലണമെന്നാണ് ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
വീരമണി എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണെന്ന ചോദ്യത്തിന് ബംഗാളിയിലാണെന്ന ഉത്തരമാണ് താന്‍ നല്‍കിയതെന്നും എന്നാല്‍ ഉത്തരസൂചികയില്‍ സംസ്‌കൃതം എന്ന ഓപ്ഷനായിരുന്നു ഉണ്ടായിരുന്നതെന്നും ഇദ്ദേഹം ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വന്ദേമാതരം എഴുതിയത് സംസ്‌കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത്.
വന്ദേമാതരത്തിന്റെ യഥാര്‍ത്ഥ ഭാഷ സംസ്‌കൃതമാണെന്നും എന്നാല്‍ എഴുതിയത് ബംഗാളി ഭാഷിയിലാണെന്നുമായിരുന്നു ജൂണ്‍ 13 ന് അഡ്വ. ജനറല്‍ ആര്‍ മുത്തുകുമാരസ്വാമി മറുപടി നല്‍കിയത്. തുടര്‍ന്ന് വീരമണിക്ക് പരീക്ഷയില്‍ നഷ്ടപ്പെട്ട മാര്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണ വന്ദേമാതരം നിര്‍ബന്ധമായി പാടണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും “വന്ദേ മാതരം” മാസത്തിലൊരിക്കല്‍ പാടണമെന്നും ഉത്തരവില്‍ പറയുന്നു. വന്ദേമാതരത്തിന്റെ തമിഴ് ഇംഗ്ലീഷ് പരിഭാഷകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകൡും സോഷ്യല്‍ മീഡിയകളിലും ലഭ്യമാക്കണമെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയരക്ടര്‍ വ്യക്തമാക്കി.