| Tuesday, 25th January 2022, 8:14 pm

റിപബ്ലിക് ദിന പരേഡ്; തമിഴ്‌നാടിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: റിപബ്ലിക് ദിന പരേഡില്‍ തമിഴ്‌നാടിന്റെ ടാബ്ലോ ഉള്‍പ്പെടുത്താന്‍ പ്രതിരോധമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി. അഭിഭാഷകനായ പി. ബാബു സമര്‍പ്പിച്ച ഹരജിയാണ് ചൊവ്വാഴ്ച കോടതി തള്ളിയത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി ജസ്റ്റിസ് പി.ഡി. ഓഡികേശവലു എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളയത്. റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് അപേക്ഷിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍ രേഖാമൂലമുള്ള ഒരു തെളിവും ഹാജരാക്കന്‍ ഹരജിക്കാരന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ ടാബ്ലോ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ പറഞ്ഞ കാരണങ്ങള്‍ എന്താണെന്ന് ഹരജിയില്‍ പരാമര്‍ശമില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള ഒരു പൊതുതാല്‍പര്യ ഹരജിയില്‍ അവസാനനിമിഷം ഒരു തീരമാനത്തിലെത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന പ്ലോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.

തമിഴ്‌നാടിന്റെ ടാബ്ലോ ഒഴിവാക്കിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

തമിഴ്‌നാടിന്റെ കഴിഞ്ഞ വര്‍ഷത്തെ ടാബ്ലോ

സ്വാതന്ത്ര്യസമര സേനാനിയായ ചിദംബരണര്‍, മഹാകവി സുബ്രഹ്‌മണ്യ ഭാരതിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ ആദ്യ രാജ്ഞിയായ റാണി വേലും നാച്ചിയാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയ മരതുര്‍ സഹോദരന്‍മാര്‍ ഇവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു തമിഴ്‌നാടിന്റെ ഇത്തവണത്തെ ടാബ്ലോ.

തമിഴ്‌നാടിന്റെ ടാബ്ലോകള്‍ മൂന്നാം റൗണ്ടില്‍ തന്നെ വിദഗ്ധ സമിതി ഒഴിവാക്കിയെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. എന്നാല്‍ നാലാം റൗണ്ടിലാണ് തങ്ങളുെട ടാബ്ലോ പുറംതള്ളപ്പെട്ടതെന്നും, എന്ത് കാരണത്താലാണ് ഒഴിവാക്കിയത് എന്ന കേന്ദ്രം വ്യക്തമാക്കിയിരുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Content highlight:  Madras High Court dismisses PIL for direction for including Tamil Nadu tableau in Republic Day parade

We use cookies to give you the best possible experience. Learn more