ചെന്നൈ: ശ്രീലങ്കയില്‍ റിമാന്‍ഡില്‍ കഴിയുന്ന 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി സര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങള്‍ തേടണമെന്ന് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി, ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ വൈസ് ചെയര്‍മാന്‍ ആംസ്‌ട്രോംഗ് ഫെര്‍ണാണ്ടോ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
അറസ്റ്റിലായ മത്സ്യത്തൊഴിലാളികളോട് സഹതാപം പ്രകടിപ്പിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും, അധികാരപരിധിക്ക് പരിമിതി ഉള്ളതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.
ആവര്‍ത്തിച്ച് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.
ശ്രീലങ്കയുടെയും ഇന്ത്യയുടെയും അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ ആര്‍ട്ടിക്കിള്‍ 5, 6 എന്നിവ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ശ്രീലങ്കയില്‍ തടവിലാക്കിയ 68 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും പിടിച്ചെടുത്ത 21 ബോട്ടുകള്‍ തിരികെ നല്‍കാനും നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Madras High Court directs govt to release 68 Indian fishermen remanded in Sri Lanka