| Wednesday, 2nd October 2024, 10:17 am

സ്വന്തം മകളെ വിവാഹം കഴിപ്പിച്ച സദ്ഗുരുവിന് എങ്ങനെ മറ്റുള്ളവരുടെ മക്കള്‍ സന്യാസികളാകണമെന്ന് പറയാനാകും?: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആത്മീയ ഗുരു ജഗ്ഗി വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സദ്ഗുരുവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനെതിരെ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ തൊണ്ടമുത്തൂരിലെ  ഫൗണ്ടേഷന്റെ ആശ്രമത്തില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

മൂന്ന് എസ്.പിമാരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അന്തേവാസികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായാണ് സ്ഥാപനത്തില്‍ എത്തിയതെന്ന് പറഞ്ഞ ഫൗണ്ടേഷന്‍ അധികൃതര്‍ താമസക്കാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും താമസം, ജീവിതശൈലി എന്നിവയേക്കുറിച്ചാണ് ഉദ്യോഗസഥര്‍ ചോദിച്ചറിഞ്ഞതെന്നും വിശദീകരിച്ചു.

തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസറായ ഡോ. എസ് കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കവെയാണ് കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനോട് ഇഷ ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തന്റെ മക്കളെ ഫൗണ്ടേഷന്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ കാമരാജ് അവരെ സ്ഥാപനം ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത് വിലക്കിയതായും ആരോപിച്ചു.

എന്നാല്‍ സ്വന്തം മകളെ വിവാഹം കഴിപ്പിച്ചയച്ച ജഗ്ഗി വാസുദേവിന് എങ്ങനെയാണ് മറ്റുള്ളവരുടെ മക്കളെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുക എന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ചോദ്യം. എന്നാല്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും കൂടാതെ വിവാഹവും സന്യാസവും ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നുമാണ് ഇഷ ഫൗണ്ടേഷന്‍ കോടതിയെ അറിയിച്ചത്.

അതേസമയം കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്‍ ഹാജരായ മക്കള്‍ ഇരുപേരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചു.

ഇഷ ഫൗണ്ടേഷന്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ മുമ്പും ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ എം.പുരുഷോത്തമന്‍ കോടതിയെ ധരിപ്പിക്കുകയുണ്ടായി.
അതേസമയം ഫൗണ്ടേഷനെതിരായ എല്ലാ ക്രിമിനല്‍ കേസുകളുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിട്ടിട്ടുണ്ട്. ഒക്ടോബര്‍ നാലിനകം സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി നിര്‍ദ്ദേശം നല്‍കി.

Content Highlight: Madras High Court demands investigation on Isha Foundation

Latest Stories

We use cookies to give you the best possible experience. Learn more