പണക്കാരില്‍ നിന്നു പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന കഥാപാത്രങ്ങള്‍ക്കെതിരെയും കേസ് കൊടുമോ; മെര്‍സലിലെ പരാരമര്‍ശങ്ങള്‍ നീക്കണമെന്ന ഹരജിയില്‍ പരിഹാസവുമായി കോടതി
Daily News
പണക്കാരില്‍ നിന്നു പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന കഥാപാത്രങ്ങള്‍ക്കെതിരെയും കേസ് കൊടുമോ; മെര്‍സലിലെ പരാരമര്‍ശങ്ങള്‍ നീക്കണമെന്ന ഹരജിയില്‍ പരിഹാസവുമായി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 2:12 pm

ചെന്നൈ: വിജയ് നായകനായ മെര്‍സലിലെ ജി.എസ്.ടി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നീക്കണമെന്ന പൊതുതാത്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.

മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളിയത്.

സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും മെര്‍സല്‍ സിനിമ മാത്രമാണ് ജീവിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചലച്ചിത്രകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.


Dont Miss താജ്മഹലില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കുക; അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനയ്ക്ക് കൂടി അനുമതി നല്‍കുക: ആര്‍.എസ്.എസ്


ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സിനിമയെ സിനിമയായി കാണണം. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്.

പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണ്. ജിഎസ്ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എന്തിനാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നായിരുന്നു ഹരജിയില്‍ ചോദിച്ചിരുന്നത്.

എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ “മെര്‍സല്‍” പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.