| Friday, 6th September 2019, 10:56 pm

മേഘാലയിലേക്കുള്ള സ്ഥലം മാറ്റത്തില്‍ പ്രതിഷേധം: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കൊളീജിയം തള്ളിയതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണി രാജിവെക്കുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് നല്‍കിയ വിരുന്നിലാണ് സഹപ്രവര്‍ത്തകരോട് വിജയ കമലേഷ് താഹില്‍രമണി രാജി അറിയിച്ചത്.

ശനിയാഴ്ച രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് കത്തയക്കുമെന്നും രഞ്ജന്‍ ഗൊഗോയ്ക്ക് വിജയ കമലേഷ് താഹില്‍രമണി രാജി അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ അപ്പീല്‍.

രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത് അസ്വാഭാവിക നടപടിയായിട്ടാണ് താഹില്‍രമണി വിലയിരുത്തിയത്. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി; നിലവില്‍ രാജ്യത്തെ 2 വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളും. ജമ്മു – കശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ആണു മറ്റൊരാള്‍. മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരും മേഘാലയ ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാരുമാണുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് കൊളീജിയം പകരം സ്ഥലം മാറ്റിയത്.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് വിജയ കമലേഷ് താഹില്‍രമണി. നേരത്തെ മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വിജയ കമലേഷ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more