ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെയുടെ തേനിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗത്തിന്റെ ജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. തേനി എം.പിയായ ഒ.പി. രവീന്ദ്രനാഥിന്റെ പാര്‍ലമെന്റ് അംഗത്വമാണ് ഇതോടെ ഇല്ലാതാവുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഹരജിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മകനാണ് ഒ.പി. രവീന്ദ്രനാഥ്. തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ പാര്‍ട്ടിയുടെ ഏക എം.പിയാണ് അദ്ദേഹം. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് 30 ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ ഏക എ.ഐ.എ.ഡി.എം.കെ എം.പിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.
2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ്. ഇളങ്കോവനെ തോല്‍പ്പിച്ചാണ് പാര്‍ലമെന്റിലെത്തിയത്. തുടര്‍ന്ന് ഇളങ്കോവന്‍ ഈറോഡ് ഈസ്റ്റില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷം എം.എല്‍.എ ആയിരുന്നു.
അദ്ദേഹത്തിന്റെ മകന്‍ തിരുമകന്‍ എവേര മരിച്ചതിന് തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് അദ്ദേഹം മത്സരിച്ചത്.