ചെന്നൈ: പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്‌കാരം സംഗീതഞ്ജന്‍ ടി.എം കൃഷ്ണയ്ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി. പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കരുതെന്ന കുടുംബത്തിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹിന്ദു ദിനപത്രവും മദ്രാസ് സംഗീത അക്കാദമിയും സംയുക്തമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
അക്കാദമിയുടെ താത്പര്യ പ്രകാരം പുരസ്‌കാരം ടി.എം കൃഷ്ണയ്ക്ക് നല്‍കാമെന്നും എന്നാല്‍ സുബ്ബലക്ഷ്മിയുടെ പേരില്‍ പുരസ്‌കാരം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. സുബ്ബലക്ഷ്മിയുടെ കുടുംബത്തിന് വേണ്ടി കൊച്ചുമകന്‍ വി. ശ്രീനിവാസനാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
സുബ്ബലക്ഷ്മിയുടെ വില്‍പ്പത്രത്തില്‍ ചെറുമകന്‍ ശ്രീനിവാസനെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ കേസ് നടത്താനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുബ്ബലക്ഷ്മിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി.എം. കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കരുതെന്നും തന്റെ പേരില്‍ ബഹുമതികള്‍ നല്‍കരുതെന്ന് സുബ്ബലക്ഷ്മിയുടെ വില്‍പ്പത്രത്തില്‍ പറയുന്നതായും കുടുംബം കോടതിയില്‍ പറഞ്ഞു.
കൃഷ്ണ സുബ്ബലക്ഷ്മിയെ സന്യാസി ബാര്‍ബി ഡോള്‍, കര്‍ണാടക സംഗീത ലോകത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ് എന്നിങ്ങനെ പരസ്യമായി വിശേഷിപ്പിച്ചെന്നാണ് ശ്രീനിവാസന്റെ ഹരജിയില്‍ പറയുന്നത്.
കുടുംബത്തിന്റെ വാദം അംഗീകരിച്ച കോടതി സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് അവരുടെ ഇഷ്ടത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തി. പരേതനായ ഒരു ആത്മാവിനെ ബഹുമാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുക എന്നതാണ്. ‘എം.എസ്. സുബ്ബുലക്ഷ്മിയോട് ആര്‍ക്കെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍, അവരുടെ ആഗ്രഹം അറിഞ്ഞതിന് ശേഷം അവരുടെ പേരില്‍ അവാര്‍ഡ് കൊടുക്കരുത്,’ കോടതി വ്യക്തമാക്കി.