ചെന്നൈ: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് പൊതുതാത്പര്യ ഹരജി മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് സ്വീകരിച്ചു. ഹരജി പരിശോധിച്ച ശേഷം നാല് ആഴ്ചക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കോടതി നോട്ടീസ് നല്‍കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നതിന്റെ ആവശ്യകത വ്യക്തമായെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ആര്‍. മഹാദേവ, എസ്. അനന്തി എന്നിവരടങ്ങിയ ബെഞ്ച് ഉന്നയിച്ച പ്രശ്നം നിലനിര്‍ത്താന്‍ കഴിയുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജൂണ്‍ ആറിന് വേനല്‍ അവധി അവസാനിക്കുന്നതോടെ വിഷയം റെഗുലര്‍ ബെഞ്ചിന് കൈമാറും.
സര്‍ക്കാര്‍, എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ മതപരിവര്‍ത്തനം നടക്കുന്നതായി ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള അഭിഭാഷകന്‍ ബി. ജഗന്നാഥാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.