മധുര: ഭാര്യയെ കറുത്തവളെന്നു വിളിച്ചാക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയെ കറുത്തവളെന്ന് വിളിക്കുന്നത് ആക്ഷേപമായും പീഡനമായും കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയെ കറുത്തവളെന്ന് വിളിച്ച് ആക്ഷേപിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പരമശിവം എന്നയാള്‍ സമര്‍പ്പിച്ച് ഹര്‍ജ്ജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് എം സത്യനാരായണനാണ് ഉത്തരവിറക്കിയത്. 2001 സെപ്റ്റംബര്‍ 12നാണ് ഹര്‍ജ്ജിക്കാരനായ പരമശിവത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കീഴ്‌കോടതി പരമശിവത്തെ ഏഴ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു. 2006 ഒക്ടോബറില്‍ സ്ത്രീധന പീഡനകുറ്റത്തിന് ഇയാളെ മൂന്ന് വര്‍ഷം തടവിനും വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇയാള്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഭാര്യയെ കറുത്തവളെന്ന് വിളിച്ചത് ആത്മഹത്യാപ്രേരണയല്ലെന്നും, വ്യവസായം തുടങ്ങുന്നതിനായി പണം ചോദിച്ചത് പീഡനമല്ലെന്നും ഭാര്യാപിതാവിന് നല്‍കിയ കാശ്കൂടിയാണ് തിരികെ ചോദിച്ചതെന്നുമാണ് പരമശിവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ജാതിയും നിറവും വിളിച്ചധിക്ഷേപിക്കുന്നത് വംശീയാധിക്ഷേപമാണെന്നിരിക്കെ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ വിവാദപരമായ ഉത്തരവ് വന്നിരിക്കുന്നത്.