ചെന്നൈ: ക്ഷേത്ര പൂജാരികളെ നിയമിക്കുന്നതില്‍ ജാതിക്ക് ഒരു പങ്കുമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രവുമായി ബന്ധപ്പെട്ട അധമശാസ്ത്രത്തിന് കീഴിലുള്ള പൂജകളും ആചാരങ്ങളും അനുഷ്ഠിക്കാനാവശ്യമുള്ള അറിവ് നോക്കിയായിരിക്കണം പൂജാരികളെ നിയമിക്കേണ്ടതെന്ന് കോടതി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നിയമിക്കപ്പെടുന്നയാള്‍ തന്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ പൂജാരി നിയമനത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വംശാവലിക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തമാണ്. ക്ഷേത്രത്തിലെ പ്രത്യേക ആചാരങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണെങ്കില്‍ ഏത് ജാതിയിലോ മതത്തിലോ ഉള്ള ആളുകളെയും പൂജാരിയായി നിയമിക്കാവുന്നതാണ്,” ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കടേഷ് വിധിച്ചു.
2018ല്‍ മുത്തു സുബ്രഹ്‌മണ്യ ഗുരുക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ആനന്ദ് വെങ്കടേഷിന്റെ നിരീക്ഷണം. 2018ല്‍ സേലത്തെ ശ്രീ സുഗവനേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് പൂജാരി പോസ്റ്റിലേക്ക് ഒഴിവുണ്ടെന്ന് അവിടുത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഈ അറിയിപ്പിനെതിരെയാണ് അദ്ദേഹം ഹരജി നല്‍കിയത്. ക്ഷേത്രങ്ങള്‍ പിന്തുടരുന്ന ആഗമ രീതിയുമായ ചേര്‍ന്ന് മാത്രമേ നിയമനങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്.
തുടര്‍ന്ന് 2022ല്‍ മദ്രാസ് ഹൈക്കോടതിയിലെ ഒന്നാം ഡിവിഷണല്‍ ബെഞ്ച് ഹൈക്കോടതി റിട്ട് ഹരജി പരിഗണിക്കുകയും ആഗമിക, ആഗമികേതര ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നതിന് റിട്ട. ജഡ്ജി എം. ചൊക്കലിംഗത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ എല്ലാ ക്ഷേത്രങ്ങളും പൂജാരി നിയമനം മാറ്റിവെക്കണോ എന്ന ചോദ്യത്തിനായിരുന്നു ജഡ്ജിയുടെ മറുപടി.
പൂജാരിമാരെ നിയമിക്കുന്നതിന് ‘ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ്’ നിയോഗിച്ച ക്ഷേത്ര ട്രസ്റ്റികള്‍ക്കും അധികാരികള്‍ക്കും ഒരു തടസവുമില്ലെന്നും വെങ്കടേഷ് പറഞ്ഞു.
സുഗവനേശ്വരര്‍ സ്വാമി ക്ഷേത്രത്തിലെ പൂജാരി നിയമനവും ജഡ്ജി അനുവദിച്ചിട്ടുണ്ട്. റിട്ട് ഹരജിക്കാരനും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: madras high court about temple priests