ചെന്നൈ: ഹിന്ദു ദേവതയെ അവഹേളിച്ചുവെന്ന പരാതിയില്‍ പ്രമുഖ തമിഴ് കവി വൈരമുത്തുവിനെതിരായ ക്രിമിനല്‍ നടപടികളെല്ലാം നിര്‍ത്തി വെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ആണ്ടാള്‍ ദേവതയെ ദേവദാസിയെന്ന് വിശേഷിപ്പിച്ചുവെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനകള്‍ വൈരമുത്തുവിനെതിരെ തിരിഞ്ഞത്. സംഘപരിവാറിനേറ്റ തിരിച്ചടിയായാണ് ഹൈകോടതിയുടെ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.
ജസ്റ്റിസ് എം.എസ് രമേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഥമദൃഷ്ടിയില്‍ വൈരമുത്തുവിനെതിരെ കേസുകളൊന്നുമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ച കോടതി കേസ് വാദം കേള്‍ക്കാനായി ഫെബ്രുവരി 16-ലേക്ക് മാറ്റി.
കഴിഞ്ഞ 10 ദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേസുകള്‍ റദ്ദാക്കാനായി വൈരമുത്തു ഹൈക്കോടതിയെ സമീപിച്ചത്. പ്രസ്താവന തന്റേതല്ലെന്നും ഒരു പുസ്തകത്തിലെ പരാമര്‍ശമാണ് ചൂണ്ടിക്കാട്ടിയതെന്നും കവി ആവര്‍ത്തിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
വൈരമുത്തുവിന്റെ പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. ഹിന്ദുമുന്നണിയെ കൂടാതെ ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. വൈരമുത്തുവിന് പിന്തുണയുമായി പ്രമുഖ സിനിമ സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തി. ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, ടി.ടി.വി. ദിനകരന്‍ എം.എല്‍.എ എന്നിവരും പിന്തുണ അറിയിച്ചിരുന്നു.