ചെന്നൈ: ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിൻ്റെ സംസ്‌കാരം ചെന്നൈയിലെ ബി.എസ്.പി ഓഫീസിൽ വെച്ച് നടത്താൻ അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. കെ ആംസ്‌ട്രോങ്ങിനെ ബി.എസ്.പി പാർട്ടി ഓഫീസിൽ സംസ്‌കരിക്കാൻ അനുമതി തേടി അദ്ദേഹത്തിൻ്റെ ഭാര്യ മദ്രാസ് ഹൈക്കോടതിൽ നൽകിയ റിട്ട് ഹരജി കോടതി തള്ളുകയായിരുന്നു.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പോത്തൂർ ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ വച്ചായിരിക്കും ഇനി അദ്ദേഹത്തിന്റെ സംസ്‍കാരം. ആംസ്‌ട്രോങിന്റെ ഭാര്യ നൽകിയ ഹരജി ഡി.എം.കെ സർക്കാർ എതിർത്തിരുന്നു. സ്ഥലം താമസസ്ഥലത്തിന്റെ പരിധിയിൽ വരുമെന്നായിരുന്നു ഡി.എം.കെ പറഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കെ. ആംസ്ട്രോങ്ങിനെ ചെന്നൈയിലെ വസതിക്ക് സമീപം അജ്ഞാതർ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ആംസ്‌ട്രോങ്ങിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും റോഡിൽ വെച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വരെ കേസിൽ എട്ട് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.പി അനുഭാവികൾ ശനിയാഴ്ച പ്രതിഷേധ സമരം സംഘടിപ്പിക്കുകയും മുഖ്യമന്ത്രിക്കെതിരെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെന്നൈയിലെ പൂനമല്ലി റോഡിൽ നിരവധി ബി.എസ്.പി പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
അതേസമയം സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ, ആംസ്ട്രോങ്ങിൻ്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അത്യന്തം ദുഃഖകരവുമാണെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടവരെ ഒറ്റരാത്രികൊണ്ട് പൊലീസ് അറസ്റ്റ് ചെയ്തെന്നും പറഞ്ഞു.