ആര്‍.എസ്.എസ് റാലിയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി
national news
ആര്‍.എസ്.എസ് റാലിയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 11:18 am

മധുര: ആര്‍.എസ്.എസിന് 11 ജില്ലകളില്‍ റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. എന്നാല്‍ മധുര, ശിവഗംഗ, രാമനാഥപുരം എന്നീ മൂന്ന് ജില്ലകളിലെ റാലിക്കുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചു.

ഒക്ടോബര്‍ 22 നും 29 നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പൊതുയോഗങ്ങളും ഘോഷയാത്രകളും നടത്തി സ്ഥാപകദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന ആര്‍.എസ്.എസ് ഭാരവാഹികളുടെ ഹരജിലായിരുന്നു ജസ്റ്റിസ് ജി. ഇളങ്കോവന്റെ വിധി.

മൂന്ന് ദിവസം മുന്‍പ് സമാനമായ ഹരജികളില്‍ 35 സ്ഥലങ്ങളില്‍ റാലി നടത്താന്‍ പ്രിന്‍സിപ്പല്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്ന മധുര, ശിവഗംഗ, വിരുധനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ റാലിയ്ക്ക് പൊലീസ് സുരക്ഷ നല്‍കാത്തത്തില്‍ അഡ്വക്കറ്റ് ജനറല്‍ വീര കതിരവന്‍ തന്റെ എതിര്‍പ്പ് കോടതിയെ അറിയിച്ചു.

ഒക്ടോബര്‍ 22 മുതല്‍ 29 വരെ വന്‍ ജനാവലി പങ്കെടുക്കുന്ന തേവര്‍ മധുര പാണ്ഡ്യ ജയന്തികളും നവരാത്രി ആഘോഷങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്.

തേവര്‍ ജയന്തി ആഘോഷങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ 20000 ത്തോളം പൊലീസുകാരെയും രാമനാഥപുരത്ത് 7000 ത്തോളം പൊലീസുകാരെയും ആവശ്യമാണ്. അതിനാല്‍ ശിവഗംഗയിലും മധുരയിലും വിരുധനഗറിലും പോലീസ് സുരക്ഷ നല്‍കാന്‍ സാധ്യമല്ലെന്ന് ജസ്റ്റിസ് ഇളങ്കോവന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് മാത്രമേ റാലി നടത്താവൂ എന്നും പോലീസ് ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ റാലിക്കായി മറ്റ് പാതകള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് സര്‍ക്കാര്‍ ആര്‍.എസ്. എസ് റാലിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചായിരുന്നു അനുമതി നിഷേധിച്ചത്. പിന്നീട് സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

content highlight: Madras HC allows RSS rally