ബി.ജെ.പി ദേശീയ നേതാവിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ നീക്കം; കൊളീജിയം ശിപാര്‍ശക്കെതിരെ അഭിഭാഷകര്‍ രംഗത്ത്
national news
ബി.ജെ.പി ദേശീയ നേതാവിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ നീക്കം; കൊളീജിയം ശിപാര്‍ശക്കെതിരെ അഭിഭാഷകര്‍ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 8:01 am

ചെന്നൈ: ബി.ജെ.പി ദേശീയ നേതാവിനെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്ത്.

ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കൊളീജിയത്തിനും നിവേദനം നല്‍കി.

കഴിഞ്ഞ ജനുവരി 17നാണ് ബി.ജെ.പി മഹിള മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയും അഭിഭാഷകയുമായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.

പിന്നാലെ വിക്‌ടോറിയ ഗൗരിയുടെ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വാര്‍ത്തകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയായിരുന്നു.

തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ബാര്‍ അംഗങ്ങളും അഭിഭാഷകരുമായ എന്‍.ജി.ആര്‍. പ്രസാദ്, ആര്‍. വൈഗൈ, എസ്.എസ്. വാസുദേവന്‍, അന്ന മാത്യു തുടങ്ങിയവര്‍ കൊളീജിയം ശിപാര്‍ശയില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

ബി.ജെപി ബന്ധമുള്ള ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ആയതിനാല്‍ ജഡ്ജിയായാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ വ്യവഹാരത്തില്‍ കോടതിയില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോയെന്നും അഭിഭാഷകര്‍ കത്തില്‍ ചോദിക്കുന്നു.

വിക്‌ടോറിയ ഗൗരിയുടെ കാഴ്ചപ്പാടുകള്‍ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണെന്നും അവരുടെ ആര്‍.എസ്.എസ് മുഖപത്രത്തിലും, യൂട്യൂബ് ചാനലുകളിലുമായി വന്ന അഭിമുഖങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായ വിദ്വേഷ പ്രസംഗങ്ങള്‍ ഉള്ളതിനാല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ അയോഗ്യയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘ഓര്‍ഗനൈസറി’ല്‍ 2012 ഒക്ടോബര്‍ ഒന്നിന് വിക്ടോറിയ ഗൗരി എഴുതിയ ലേഖനത്തില്‍ ക്രിസ്ത്യാനികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനവും വര്‍ഗീയ സംഘര്‍ഷങ്ങളും തടയുന്നില്ലെന്നും 50 വര്‍ഷമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ രൂപതയുമായി പോരാടുകയാണെന്നും പറയുന്നുണ്ട്.

Content Highlight: Madras HC Advocates Urge SC Collegium To Recall Proposal To Elevate Victoria Gowri as Judge citing BJP Political Affiliation