| Monday, 11th December 2023, 2:37 pm

തൃഷക്കെതിരെയുള്ള മാനനഷ്ട കേസ്; മന്‍സൂര്‍ അലിഖാന് മദ്രാസ് കോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്രാസ്: തൃഷക്കെതിരെയുള്ള മാനനഷ്ട കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംഭവത്തില്‍ കേസ് കൊടുക്കേണ്ടത് തൃഷയാണെന്ന് കോടതി വ്യക്തമാക്കി. പൊതുയിടങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് മന്‍സൂര്‍ അലിഖാന്‍ പഠിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയാണ് മന്‍സൂര്‍ അലിഖാന്‍ മാനനഷ്ട കേസ് കൊടുത്തത്. ഇവര്‍ മൂന്നു പേരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ തന്നെ അപമാനിച്ചുവെന്നും, ഇതുസംബന്ധിച്ച് നിയമനടപടികള്‍ വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു മന്‍സൂറിന്റെ ആവശ്യം.

അടുത്തിടെ നൽകിയ വാർത്താ സമ്മേളനത്തിൽ മൻസൂർ അലിഖാൻ തൃഷയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുണ്ടായി. ഇതിനെതിരെ തൃഷ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ തൃഷക്ക് പിന്തുണയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക മോഹനന്‍, ഖുശ്ബു സുന്ദര്‍, ചിന്മയി, ചിരഞ്ജീവി, തമിഴ്‌നാട് നടികര്‍ സംഘം തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

‘ഇയാളെ പോലെ ഒരാളുമായി സ്‌ക്രീന്‍ പങ്കിടാത്തതില്‍ സന്തോഷിക്കുന്നു. ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. ഇയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’, നടന്‍ മന്‍സൂര്‍ അലി ഖാനെ പറ്റി തൃഷ പറഞ്ഞ വാക്കുകളാണ് ഇത്. അത്ര മ്ലേച്ഛമായാണ് മന്‍സൂര്‍ തൃഷയെ കുറിച്ച് സംസാരിച്ചത്.

‘അവര്‍ എനിക്ക് റേപ്പ് സീന്‍ തന്നില്ല. ലിയോ സക്സസ് സെലിബ്രേഷനില്‍ ഇത് പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ കലാപമുണ്ടാക്കുമെന്ന് അറിയാവുന്നതുകൊണ്ട് വേണ്ടെന്ന് വെച്ചു. തൃഷക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ബെഡ്റൂം സീനുകള്‍ ഉണ്ടാവുമെന്നും മുമ്പ് ഖുശ്ബുവിനേയും റോജയേയും തൂക്കിയെടുത്തിട്ടത് പോലെ അവളെ കട്ടിലിലേക്ക് എടുത്തിടാമെന്നും വിചാരിച്ചു. എത്ര പടത്തില്‍ മുമ്പ് ഞാനങ്ങനെ ചെയ്തിട്ടുണ്ട്. എനിക്കവര്‍ വില്ലന്‍ റോള്‍ പോലും തന്നില്ല’, എന്നാണ് മന്‍സൂര്‍ സമ്മേളനത്തില്‍ പറഞ്ഞത്.

Content Highlight: Madras court sharply criticized actor Mansoor Ali Khan in defamation case against Trisha

We use cookies to give you the best possible experience. Learn more