യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലൂടെ ഗായികയായി സിനിമയില്‍ അരങ്ങേറ്റം നടത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. 2015ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തമിഴില്‍ വിജയ് സേതുപതി നായകനായ ‘കാതലും കടന്തു പോഗും’ എന്ന ചിത്രത്തിലൂടെ മഡോണ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. 2023ല്‍ ഇറങ്ങിയ വിജയ് ചിത്രമായ ലിയോയിലൂടെ ഒരു സര്‍പ്രൈസ് കഥാപാത്രമായി വരാനും താരത്തിന് സാധിച്ചിരുന്നു.
ചിത്രത്തില്‍ വിജയ്‌യുടെ സഹോദരിയായിട്ടാണ് മഡോണ എത്തിയത്. കുറഞ്ഞ സമയം മാത്രം സ്‌ക്രീനില്‍ എത്തിയ താരം പ്രധാനമായും ‘നാ റെഡി’ എന്ന ഗാനത്തിലാണ് അഭിനയിച്ചത്. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ലിയോയില്‍ അഭിനയിച്ചതിനെ പറ്റി സംസാരിക്കുകയാണ് മഡോണ സെബാസ്റ്റ്യന്‍.
‘എന്നെ ലിയോയിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് ഫൈറ്റ് സീന്‍ ചെയ്യേണ്ടി വരുമെന്നറിയില്ലായിരുന്നു. ലൊക്കേഷനില്‍ എത്തിയ ശേഷം ഫൈറ്റ് സീന്‍ ചെയ്യുമോയെന്ന് ചോദിച്ചു. അപ്പോള്‍ ട്രൈ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ലിയോ ഒരു നല്ല സിനിമയാണെന്ന ഫീല്‍ ആദ്യം തന്നെയുണ്ടായിരുന്നു.
നല്ല ടീമായിരുന്നു ആ സിനിമയുടേത്. അവിടെ ചെന്നിട്ടാണ് ഞാന്‍ ഓരോന്നും മനസിലാക്കുന്നത്. പിന്നെ ആ ഒഴുക്കില്‍ അങ്ങോട്ട് പോകുകയായിരുന്നു. വിജയ് സാറിനൊപ്പമുള്ള ഡാന്‍സിന്റെ സ്റ്റെപ്സൊക്കെ പറഞ്ഞ് തരുമ്പോള്‍ ‘വിജയ് സാറിന്റെ കൂടെയാണ് ഡാന്‍സ് കളിക്കുന്നത്’ എന്നവര്‍ പറയുന്നുണ്ടായിരുന്നു.
ഞാന്‍ അപ്പോള്‍ ‘പറഞ്ഞ് പേടിപ്പിക്കല്ലേ’ എന്നോര്‍ത്തു. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ചെയ്യണമെന്ന് മാത്രമാണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്. അതില്‍ കൂടുതലായി ഒന്നുമില്ലല്ലോ. പിന്നെ ടെന്‍ഷന്‍ അടിച്ചാല്‍ ശരിയാവില്ല. എന്നെ കൊണ്ട് പറ്റുന്നത് പോലെ ചെയ്തെന്നെയുള്ളൂ.
വിജയ് സാറിന്റെ ട്വിന്‍ സിസ്റ്ററുടെ കഥാപാത്രമാണെന്ന് അവര് എന്നോട് പറഞ്ഞിരുന്നു. സത്യത്തില്‍ അത്ര മാത്രമേ അവര്‍ പറഞ്ഞിരുന്നുള്ളു. കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ എനിക്ക് ആ സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്തിരുന്നു. ചുമ്മാ ഒരു പാവം സഹോദരിയുടെ റോള്‍ ആകരുതെന്ന് പറഞ്ഞു.
നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്ക് എന്തെങ്കിലും കോണ്‍ട്രിബ്യുട്ട് ചെയ്യാന്‍ ഉണ്ടാകണമല്ലോ. അത് ഒരു ആഗ്രഹമാണ്. നമ്മള്‍ പാഷനോട് കൂടിയാണ് ഇവിടെ നില്‍ക്കുന്നത്. സിനിമയിലേക്ക് ധൈര്യമായി വന്നോളൂവെന്ന് അവര്‍ പറയുകയായിരുന്നു,’ മഡോണ സെബാസ്റ്റ്യന്‍ പറയുന്നു.
Content Highlight: Madonna Sebastian Talks About Leo Movie Role