Film News
ഡാന്‍സ് കണ്ടിട്ട് വിജയ് എന്ത് പറഞ്ഞു; മഡോണയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 22, 05:56 pm
Sunday, 22nd October 2023, 11:26 pm

ലിയോയിലെ സര്‍പ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബ്‌സാറ്റിയന്റേത്. വളരെ കുറച്ച് സമയം മാത്രം സിനിമയില്‍ വന്ന മഡോണ പ്രധാനമായും നാ റെഡി എന്ന ഗാന രംഗത്തിലാണ് അഭിനയിച്ചത്. ലിയോയില്‍ അഭിനയിച്ചതിനെ പറ്റി സംസാരിക്കുകയാണ് മഡോണ സെബാസ്റ്റിയന്‍.

‘വാസന്തി അക്കയാണ് എനിക്ക് ആദ്യം വന്ന് സ്റ്റെപ്പൊക്കെ പറഞ്ഞുതന്നത്. വിജയ് സാറിന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ പോകുവല്ലേ, നന്നായി കളിക്കണം എന്ന് പറഞ്ഞു. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു,’ ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ പറഞ്ഞു.

‘സെറ്റിന് അതിന്റേതായ ഒരു വൈബ് ഉണ്ടായിരുന്നു. എല്ലാവരും ഡാന്‍സ് കളിക്കുകയാണ്. ആ ഫ്‌ളോയ്ക്ക് അനുസരിച്ച് അങ്ങ് പോവുക എന്നതായിരുന്നു. പിന്നെ ലോകേഷിന്റെ സെറ്റില്‍ ഒന്നോ രണ്ടോ ടേക്കില്‍ കൂടുതല്‍ എടുക്കില്ല. ഇത് ഓക്കെയാണോ എന്ന് ഞാന്‍ വീണ്ടും ലോകേഷിനോട് ചോദിച്ചിരുന്നു,’ മഡോണ പറഞ്ഞു.

ഡാന്‍സ് കണ്ടിട്ട് വിജയ് എന്ത് പറഞ്ഞുവെന്ന് ചോദ്യത്തിന് സ്‌റ്റൈലുണ്ട് എന്ന് പറഞ്ഞുവെന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം ബോക്സോഫീസില്‍ വലിയ കളക്ഷനാണ് ലിയോ നോടിക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം കഴിയുമ്പോള്‍ തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകര്‍ത്തിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ 2023ലെ റെക്കോഡ് ആദ്യ ദിന കളക്ഷനുകളില്‍ ഒന്നായിരുന്നു ലിയോക്ക് ലഭിച്ചത്. രണ്ടാം ദിവസവും ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

ലിയോ ഇതിനോടകം 250 കോടിയിലേറെ രൂപ ലോകമെമ്പാടും നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായുള്ള അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ട് റിലീസ് ചെയ്തത് സിനിമക്ക് ഗുണം ചെയ്തു.

കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപ ചിത്രം മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയതായിട്ടാണ് സിനിമാ ട്രാക്കര്‍മാരുടെ കണക്കുകള്‍. വരും ദിവസങ്ങളിലും ലിയോ ബോക്‌സോഫീസില്‍ വേട്ട തുടരും എന്ന് തന്നെയാണ് സൂചന.

Content Highlight: Madonna Sebastian talks about her dance with vijay in leo