|

മൂന്ന് മണിക്കൂര്‍ എന്നെ കയറില്‍ കെട്ടിവെച്ച് ഓട്ടുംപുറത്തിരുത്തി, ഇറങ്ങിവന്നപ്പോള്‍ ധനുഷിന്റെ ചോദ്യം കേട്ട് ഞാന്‍ വണ്ടറടിച്ചു; അനുഭവം പങ്കുവെച്ച് മഡോണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറി, പിന്നീട് തമിഴിലും മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മഡോണ സ്‌ക്രീന്‍ സ്പേസ് പങ്കുവെച്ചിട്ടുണ്ട്.

നടിയെന്നതിന് പുറമെ ഗായികയായും താരം പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന പവര്‍ പാണ്ടി എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ മഡോണ. ധനുഷിനെ കുറിച്ച് പറയുമ്പോള്‍ മനസില്‍ വരുന്ന കാര്യമെന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”പവര്‍ പാണ്ടി ഷൂട്ട് ചെയ്ത സ്ഥലം ബ്രാഹ്മാദപുരം വളരെ നൈസായിരുന്നു. അവിടെ പത്ത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു.

പ്രത്യേകിച്ച് അങ്ങനെ ഒരു സംഭവം മാത്രമായി എനിക്ക് ഓര്‍മയില്ല. പക്ഷെ, പുള്ളി എന്നെ ഒരു മൂന്ന് മണിക്കൂറോളം ഒരു ട്രാക്കിന് മുകളില്‍ കയറ്റിയിരുത്തി. പുള്ളി ആ സിനിമയുടെ ഡയറക്ടര്‍ കൂടിയാണല്ലോ.

അന്ന് സൂപ്പര്‍ മൂണുള്ള ഒരു ദിവസമായിരുന്നു. അത് ഷൂട്ട് ചെയ്യണമായിരുന്നു. പക്ഷെ ഞങ്ങള്‍ കാത്തിരുന്നിട്ടും സൂപ്പര്‍മൂണ്‍ വരുന്നില്ല. ഞങ്ങള്‍ വലിയൊരു ട്രാക്കിട്ട്, ബില്‍ഡിങ്ങിന്റെ മുകളിലെ ഓടിന്റെ പുറത്ത് ഇരിക്കുന്നതായുള്ള ഷോട്ട് എടുക്കുകയായിരുന്നു.

ഒറ്റ ഷോട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് എടുക്കാന്‍ വേണ്ടി എന്നെ ജെ.സി.ബിയുടെ അറ്റത്തുള്ള സാധനത്തിന്റെ മുകളില്‍ കയറ്റി എന്നെ ആ ഓട്ടുപുറത്തിരുത്തി. മൂന്ന് മണിക്കൂര്‍ ഞാനവിടെ ഇരുന്നു.

ഒന്നും ചെയ്തില്ല, അങ്ങനെ ഇരുന്നു. എന്നെ വീഴാതിരിക്കാന്‍ വേണ്ടി കയറില്‍ കെട്ടി വെച്ചിരിക്കുകയായിരുന്നു (ചിരി).

അതിന്റെ മുകളില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ധനുഷ് എന്നോട് ചോദിച്ചു, ‘എങ്ങനെ ഇത്രയും നേരം അവിടെ ഇരുന്നു, എന്നെക്കൊണ്ട് ഇരിക്കാന്‍ പറ്റത്തില്ല,’ എന്ന്. ഐ വാസ് ലൈക്ക്, വാട്ട്,” മഡോണ പറഞ്ഞു.

നിലവില്‍ ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്ന സിനിമയിലാണ് മഡോണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Madonna Sebastian talks about acting in Dhanush movie