വിജയ് സാർ അധികം സംസാരിക്കില്ലായിരുന്നു, ഒരുതരത്തിൽ അതൊരു സൗകര്യമായിരുന്നു : മഡോണ
Indian Cinema
വിജയ് സാർ അധികം സംസാരിക്കില്ലായിരുന്നു, ഒരുതരത്തിൽ അതൊരു സൗകര്യമായിരുന്നു : മഡോണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 1:49 pm

വിജയ് നായകനായ ലിയോ തിയേറ്ററിൽ മുന്നേറുമ്പോൾ ചിത്രത്തിലെ മലയാളി താരങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. നടി മഡോണ സെബാസ്റ്റ്യൻ വിജയിയുടെ ഇരട്ട സഹോദരിയായാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.

ആക്ഷൻ സീനിലും പാട്ടിലും സിനിമയിൽ വിജയിയോടൊപ്പം നിറഞ്ഞു നിൽക്കുമ്പോൾ ആദ്യമായി ലിയോ സിനിമയുടെ ലൊക്കേഷനിൽ വെച്ച് സൂപ്പർ സ്റ്റാറിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് മഡോണ.

‘ഈ വേഷം ചെയ്യാനായി ഒരാളെ ഞങ്ങൾ കുറേ ആലോചിച്ചിരുന്നു. അവസാനം നമ്മൾ ഇവിടെയെത്തി. എന്തായാലും ഇത്‌ നന്നായി തന്നെ വരുമെന്ന് വിജയ് സാർ പറഞ്ഞു,’ മഡോണ പറയുന്നു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു മഡോണ.

‘വിജയ് സാറിനെ ആദ്യമായി കാണുമ്പോൾ അദ്ദേഹം സോങ്ങിന്റെ ഷൂട്ടിൽ ആയിരുന്നു. സിനിമയുടെ ആളുകൾ വന്ന് സാറിനെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത്, വേണ്ട സാറവിടെ ഇരുന്നോട്ടെ ശല്യപ്പെടുത്തണ്ട എന്നായിരുന്നു.

വിജയ് സാർ നല്ല സന്തോഷത്തിൽ ആയിരുന്നു. ഞാൻ ആ വേഷം ചെയ്യുന്നതിന് അദ്ദേഹം എന്നോട് ആദ്യം നന്ദി പറയുകയാണ് ചെയ്തത്. എനിക്ക് അത്ഭുതം തോന്നി. ഈ വേഷം ചെയ്യാനായി ഒരാളെ ഞങ്ങൾ കുറേ ആലോചിച്ചിരുന്നു. അവസാനം നമ്മൾ ഇവിടെയെത്തി. എന്തായാലും ഇത്‌ നന്നായി തന്നെ വരുമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നെ എന്നോട് പാട്ടിന്റെ വിശേഷങ്ങളാണ് ചോദിച്ചത്. എന്നോട് പാട്ട് പാടില്ലേ, പാട്ട് കൊണ്ടുവന്നിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച.

ആക്ഷൻ സീക്വൻസിലും പാട്ടിലും അദ്ദേഹമുണ്ട്. വിജയ് സാർ അധികം സംസാരിക്കാറില്ലായിരുന്നു. ഒരുതരത്തിൽ അതൊരു സൗകര്യമായിരുന്നു. ആക്ച്വലി ഞാൻ മിണ്ടാനായി നന്നായിട്ട് ശ്രമിക്കുന്നുണ്ടായിരുന്നു.
ഞാൻ ഏതൊക്കെയോ സിനിമകളുടെ ലൊക്കേഷനിൽ ചെന്നപ്പോൾ നന്നായി മിണ്ടിയില്ല എന്നൊരു പരാതിയുണ്ട് എന്നെക്കുറിച്ച്. അതുകൊണ്ട് തന്നെ ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരിന്നു.

എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ ഞാൻ ലോകേഷിനോട് പറഞ്ഞത് ചിത്രത്തിൽ എനിക്ക് കോൺട്രിബൂട്ട് ചെയ്യാൻ എന്തെങ്കിലും ഉണ്ടാവണം എന്നായിരുന്നു. പിന്നീട് കുറച്ചു നാൾ വർക്ക്‌ ചെയ്തതിന് ശേഷമാണ് ലോകേഷ് എന്നെ വിളിച്ചത്. ലിയോയിൽ ഈ വേഷം കിട്ടിയ കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു,’ മഡോണ പറയുന്നു.


Content Highlight: Madonna Sebastian Talk About First Meeting Experience With Vijay