പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മഡോണയെ തേടി നിരവധി അവസരങ്ങള്‍ വന്നുചേര്‍ന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ മഡോണക്ക് സാധിച്ചു. തമിഴില്‍ കഴിഞ്ഞ വര്‍ഷ റിലീസായ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ലിയോയിലും മഡോണ പ്രധാനവേഷത്തിലെത്തിയിരുന്നു.
വിജയ്‌യുടെ സഹോദരിയായിട്ടാണ് മഡോണ ലിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ഡാന്‍സിലും ഫൈറ്റിലും വിജയ്‌യുടെ കൂടെ കട്ടക്ക് പിടിച്ചുനില്‍ക്കാന്‍ മഡോണക്ക് സാധിച്ചു. എന്നാല്‍ താന്‍ ഡാന്‍സും ഫൈറ്റും ലിയേക്ക് വേണ്ടിയല്ല പഠിച്ചതെന്ന് പറയുകയാണ് മഡോണ. ലിയോയുടെ ഷൂട്ട് തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പേ താന്‍ ഡാന്‍സും പാട്ടും പഠിച്ചിരുന്നുവെന്ന് മഡോണ പറഞ്ഞു. ഫൈറ്റില്‍ താന്‍ പുലിയൊന്നുമല്ലെന്നും അത്യാവശ്യം ചെയ്യാന്‍ കഴിയുന്ന ഫൈറ്റ് മാത്രമേ പഠിച്ചിരുന്നുള്ളൂവെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.
ലിയോയിലേക്ക് തന്നെ വിളിച്ചപ്പോള്‍ ഈ രണ്ട് കാര്യങ്ങളും ചെയ്യാനുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നുവെന്നും അത് രണ്ടും അറിയാവുന്നതിനാല്‍ തനിക്ക് കുറച്ച് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്ന് മഡോണ പറഞ്ഞു. ഷൂട്ടിന് രണ്ട് ദിവസം മുന്നേ താന്‍ സ്റ്റെപ്പുകള്‍ പ്രാക്ടീസ് ചെയ്തിരുന്നെന്നും സെറ്റിലെത്തിയപ്പോള്‍ അധികം ടേക്ക് പോകരുതെന്ന് മാത്രമായിരുന്നു തന്റെ പ്രാര്‍ത്ഥനയെന്നും മഡോണ കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മഡോണ.
‘ലിയോയില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതിന്റെ ഇംപാക്ട് വലുതായിരുന്നു. ആ സിനിമയില്‍ ഒരു ഫൈറ്റും ഒരു ഡാന്‍സുമുണ്ടായിരുന്നു. ലിയോയുടെ ഷൂട്ട് തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്നേ ഞാന്‍ ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എനിക്ക് അത് പഠിക്കണമെന്ന ചിന്തയിലാണ് പോയത്. ലിയോയുടെ കഥ പറയാന്‍ വേണ്ടി വിളിച്ചപ്പോള്‍ തന്നെ ഡാന്‍സിന്റെയും ഫൈറ്റിന്റെയും കാര്യം പറഞ്ഞിരുന്നു.
എനിക്ക് യാതൊരു പേടിയുമുണ്ടായിരുന്നില്ല. കാരണം, എനിക്ക് അതില്‍ ബേസിക്കായിട്ടുള്ള അറിവ് ഉണ്ടായിരുന്നു. ഷൂട്ടിന് രണ്ട് ദിവസം മുന്നേ തന്നെ സ്റ്റെപ്പ് എനിക്ക് കിട്ടി. ഷൂട്ടിനായി സെറ്റിലെത്തിയപ്പോള്‍ അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. എന്റെ ഒരേയൊരു പ്രാര്‍ത്ഥന എന്തായിരുന്നെന്ന് വെച്ചാല്‍ ഞാന്‍ കാരണം അധികം ടേക്ക് പോകരുത് എന്ന് മാത്രമായിരുന്നു. രണ്ടോ മൂന്നോ ടേക്കില്‍ ഞാന്‍ പലപ്പോഴും ഓക്കെയാക്കി,’ മഡോണ പറയുന്നു.
Content Highlight: Madonna Sebastian shares the shooting experience of Leo