| Thursday, 8th August 2024, 12:03 pm

ഐശ്വര്യ ലക്ഷ്മിക്ക് അറിയാം ഇക്കാര്യം ഇവിടെ നിന്ന് പുറത്തുപോകില്ലെന്ന്: മഡോണ സെബാസ്റ്റ്യൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ. ഒരേ സമയം തന്നെ തമിഴിലും മലയാളത്തിലും കന്നടയിലും തെലുങ്കിലും തിളങ്ങുന്ന താരമാണ് മഡോണ.

അഭിനയത്തിന് പുറമെ മികച്ചൊരു പിന്നണി ഗായിക കൂടിയാണ് ഇവർ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോ ആണ് മഡോണയുടെ അവസാനം ഇറങ്ങിയ ചിത്രം.

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 6-ന് പ്രദർശനത്തിനെത്തിയ കോമഡി ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ്, മഡോണ സെബാസ്റ്റ്യൻ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ തുടങ്ങിയവരാണ് ബ്രദേഴ്‌സ് ഡേയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ലഭിച്ച ഏറ്റവും നല്ല കാര്യം ഐശ്വര്യ ലക്ഷ്മി ആണെന്നും തനിക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്രം ഐശ്വര്യയുടെ അടുത്തുണ്ടെന്നും മഡോണ പറയുന്നു. ഇത്രയും റിസ്‌ക്കുള്ള ഇൻഡസ്ട്രിയിൽ എല്ലാം മനസ്സിലാകുന്ന, തന്നെ മനസ്സിലാക്കുന്ന സുഹൃത്ത് ഐശ്വര്യയാണെന്നും തങ്ങളുടെ സുഹൃത്ത് ബന്ധത്തെ കുറിച്ചുമെല്ലാം മഡോണ സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

‘ബ്രദേഴ്‌സ് ഡേ സിനിമയുടെ ഷൂട്ടിങ്ങിൽ നിന്ന് ലഭിച്ച ഏറ്റവും നല്ലകാര്യം ഐഷു ആണ്. ഞങ്ങൾ ഞങ്ങൾക്ക് ആവശ്യമുള്ള നേരത്ത് പരസ്പരം ഉണ്ടാകും. ഞാൻ ഡൗൺ ആയിരിക്കുന്ന സമയത്തും പുള്ളിക്കാരി ഡൗൺ ആയിരിക്കുന്ന സമയത്തും എപ്പോഴും ഞങ്ങൾ തമ്മിൽ വിളിക്കും.


പുള്ളികാരിക്കറിയാം ഇത് ഇവിടെനിന്ന് പുറത്തേക്ക് പോകില്ലെന്ന്. ഞങ്ങൾ ശരിക്കും പരസ്പരം വിശ്വസിക്കുന്നുണ്ട്. ഒത്തിരി റിസ്‌ക്കുള്ള ഫീൽഡ് അല്ലെ ഇത്. അതിനെ വേറൊരു രീതിയിൽ വേണം സമീപിക്കാൻ. മറ്റൊരു ചിന്താഗതിയിലുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല.

മനസിലാകുമെന്ന് അറിയുന്നതുകൊണ്ട് ഐഷു എല്ലാം എന്നോട് ഷെയർ ചെയ്യും എനിക്ക് അങ്ങോട്ടും അങ്ങനെ തന്നെയാണ്. ഞങ്ങൾ പരസ്പരം നല്ലത് വരണമെന്ന് ആഗ്രഹിക്കാറുണ്ട്.’ മഡോണ സെബാസ്റ്റ്യൻ പറയുന്നു.

Content Highlight: Madona Sebastian Talk About Aishwarya Lakshmi

We use cookies to give you the best possible experience. Learn more