ആദ്യമായാണ് ഞാന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്, വിജയ് സാറിനൊപ്പമുള്ള കഥാപാത്രം രഹസ്യമാക്കി വെച്ചതിന് കാരണമുണ്ട്: മഡോണ
Movie Day
ആദ്യമായാണ് ഞാന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്, വിജയ് സാറിനൊപ്പമുള്ള കഥാപാത്രം രഹസ്യമാക്കി വെച്ചതിന് കാരണമുണ്ട്: മഡോണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th November 2023, 12:40 pm

ലിയോ എന്ന ചിത്രത്തിലെ വിജയ് യുടെ സഹോദരി വേഷത്തിലെത്തി മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റിയന്‍. ലിയോയിലെ മഡോണയുടെ എന്‍ട്രി പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു. മഡോണ ലിയോയില്‍ ഉണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ലായിരുന്നു. ലിയോയിലെ തന്റെ കഥാപാത്രം രഹസ്യമാക്കി വെച്ചതിനെ കുറിച്ചും വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മഡോണ.

എലിസാ ദാസ് കഥയിലെ ഒരു സര്‍പ്രൈസ് വേഷമായിരുന്നെന്നും അതുകൊണ്ടു തന്നെ സിനിമ പ്രദര്‍ശനത്തിനെത്തുന്നതുവരെ കഥാപാത്രത്തെക്കുറിച്ചും, വിജയ് ചിത്രത്തില്‍ അഭിനയിച്ച കാര്യവും രഹസ്യമായി സൂക്ഷിച്ചെന്നുമാണ് മഡോണ പറയുന്നത്.

‘ സിനിമയുടെ കോ-പ്രൊഡ്യൂസര്‍ ജഗദീഷിനെ എനിക്ക് മുന്‍പേ പരിചയമുണ്ടായിരുന്നു, അദ്ദേഹമാണ് ചിത്രത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. പിന്നീട് ചെന്നൈയില്‍ പോയി സംവിധായകന്‍ ലോകേഷുമായി കൂടിക്കാഴ്ച്ച നടത്തി. സംവിധായകനില്‍ നിന്ന് സിനിമയെക്കുറിച്ച് കൂടുതലായി അറിഞ്ഞു.

വിജയ് സാറിന്റെ സഹോദരിയുടെ വേഷമാണെന്നറിഞ്ഞപ്പോഴും ആക്ഷന്‍ സീനുകളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായാണ് അത്തരം രംഗങ്ങള്‍ അഭിനയിക്കുന്നത്. നൃത്തചുവടുകളോടെയുള്ള ഗാനരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ഒരുദിവസം മുന്‍പേ ഡാന്‍സ് സ്റ്റെപ്പുകള്‍ പറഞ്ഞു തന്നു.

മൂന്നുദിവസമെടുത്താണ് ഗാനരംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നൃത്തമായാലും ആക്ഷന്‍ രംഗങ്ങളായാലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കൃത്യമായ നിര്‍ദ്ദേശം ലഭിക്കും. കാര്യങ്ങളെ പറ്റിയെല്ലാം വ്യക്തമായ ധാരണ നല്‍കി, സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചാണ് ചിത്രീകരണം മുന്നോട്ടുപോയത്. മിക്ക സീനുകളും ആദ്യ ടേക്കില്‍ തന്നെ ഓക്കെയായിരുന്നു,’ മഡോണ പറയുന്നത്.

അഭിനയിച്ചു തുടങ്ങിയതിനുശേഷമാണ് തനിക്ക് സിനിമ ഒരു ആവേശമായി മാറിയതെന്നും ആദ്യസിനിമയില്‍ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും താരം പറയുന്നു.

‘ഇന്ന് ജീവിതത്തില്‍ സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്. അഭിനയത്തില്‍ ഏറെ മുന്നോട്ടുപോകാനുണ്ടെന്നും, ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരുപാട് പുതിയകാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ്.

സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നും അപരിചിതമായ വേഷങ്ങള്‍ അഭിനയിക്കാന്‍ ലഭിക്കുമ്പോള്‍ ഒരുപാട് ആലോചിക്കും, ചെറിയ സംശയങ്ങള്‍പോലും സംവിധായകനോട് ചോദിച്ച് മനസ്സിലാക്കും.

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം ഇന്ന് കഥകള്‍ കേള്‍ക്കാറുണ്ട്. തെലുങ്കില്‍ ഡയലോഗുകള്‍ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടിരുന്നു. തെലുങ്ക് നന്നായി കൈകാര്യം ചെയ്യുന്നവരുടെ മുന്നില്‍ നിന്ന് തെറ്റുകൂടാതെ ഡയലോഗ് പറയാന്‍ നന്നേ പ്രയാസമായിരു ന്നു.

അന്യഭാഷകളില്‍ അഭിനയിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ സംഭാഷണങ്ങള്‍ വാങ്ങി ഉറക്കമൊഴിഞ്ഞ് അവയെല്ലാം കാണാപ്പാഠം പഠിച്ചാണ് ക്യാമറയ്ക്കുമുന്നിലേക്ക് പോയത് സിനിമയുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്. കഥ ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയാറുണ്ട്, മഡോണ പറഞ്ഞു.

Content Highlight: Madona about Vijay and Leos Character