ലഖ്‌നൗ: ഉത്തർപ്രദേശിലെ ഖുശി നഗറിലെ മദ്‌നി മസ്ജിദ് പൊളിച്ച് നീക്കിയതിന് പിന്നിൽ ബി.ജെ.പി നേതാവിന്റെ ഇടപെടൽ. ബി.ജെ.പി നേതാവ് രാം ബച്ചൻ സിങ് പള്ളിയെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. മസ്ജിദ് നാഗർ പാലിക ഭൂമി കയ്യേറുകയാണെന്ന് ബി,.ജെ.പി നേതാവ് ആരോപിച്ചു. മാത്രമല്ല, അംഗീകൃത പദ്ധതി ലംഘിച്ചാണ് പള്ളിയുടെ നിർമാണം നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പള്ളി കമ്മിറ്റി അനധികൃതമായി നിർമാണം നടത്തിയെന്ന ആരോപണം ചർച്ച ചെയ്യാൻ ഡിസംബർ 17ന് താൻ ലഖ്‌നൗവിലേക്ക് പോയതായി സിങ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ കഴിയാതെ വന്നപ്പോൾ, സിങ് കുശിനഗർ ജില്ലയിലെ ആറ് ബി.ജെ.പി എം.എൽ.എമാർക്കും പരാതി കത്ത് നൽകി. തുടർന്ന് എം.എൽ.എമാർ മുഖ്യമന്ത്രിയെ കണ്ടു. എം.എൽ.എമാരുമായുള്ള യോഗത്തിന് ശേഷം, നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദേശിക്കുകയായിരുന്നു.
അനധികൃത അധിനിവേശവും നിർമാണവും ആരോപിച്ച് പൊളിച്ച മസ്ജിദിന്റെ പള്ളി കമ്മിറ്റി അംഗങ്ങൾക്കെതിരെ മതപരിവർത്തനവും ദേശദ്രോഹവും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ഖുശിനഗർ ജില്ലാ ഭരണകൂടം ഹതയിലെ മദ്‌നി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയത്. ഏഴ് ജെ.സി.ബികളും രണ്ട് പോക്ക്‌ലാൻഡ് മെഷീനുകളും ഉപയോഗിച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച പൊളിക്കൽ വൈകുന്നേരം വരെ തുടർന്നു. ബുൾഡോസർ ഉപയോഗിച്ചത് മൂലം പള്ളിയുടെ എല്ലാ ചുമരുകളിലും കാര്യമായ വിള്ളലുകൾ ഉണ്ടായി, ഇത് പൊളിക്കാതെ ബാക്കി വെച്ച പള്ളിയുടെ ഭാഗം കൂടി തകരാനുള്ള സാധ്യതയുണ്ടാക്കി.
Cracks in masjid walls. Photo: The Wire
ഭരണകൂടത്തിന്റെ നടപടികളെ ഏകപക്ഷീയമാണെന്ന് വിശേഷിപ്പിച്ച മദ്‌നി മസ്ജിദിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ഹാജി ഹമീദ് ഖാൻ, നുണകളുടെ അടിസ്ഥാനത്തിലാണ് പള്ളി തകർത്തതെന്ന് പ്രതികരിച്ചു. രജിസ്റ്റർ ചെയ്ത ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുനിസിപ്പാലിറ്റിയുടെ അംഗീകൃത പദ്ധതികൾക്കനുസൃതമായാണ് ഇത് നിർമിച്ചതെന്നും മുനിസിപ്പാലിറ്റിയുടെ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പള്ളി പൊളിക്കൽ സംബന്ധിച്ച് മുനിസിപ്പാലിറ്റിയിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ പറഞ്ഞു.
അപ്രതീക്ഷിതമായാണ് ഭരണകൂടം ജെ.സി.ബിയുമായി എത്തിയതെന്ന് അവർ പറഞ്ഞു. ചുമരിൽ ഒരു നോട്ടീസ് ഒട്ടിച്ചു, ഫോട്ടോ എടുത്തു, പിന്നെ പള്ളി പൊളിക്കാൻ തുടങ്ങി.
പള്ളി പൊളിച്ചുമാറ്റുന്നതിന് രണ്ടാഴ്ച മുമ്പ്, ജനുവരി 25ന്, മുനിസിപ്പാലിറ്റിയുടെ ബുൾഡോസർ ഉപയോഗിച്ച് 20 വർഷം മുമ്പ് നിർമിച്ച അതിർത്തി മതിൽ പൊളിച്ചുമാറ്റിയിരുന്നു. അതേ ദിവസം തന്നെ, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 319 (2), 318 (4), 338, 336, 340 (2), 329 (3), 1984 ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 2, 3 എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടി ഹാത പൊലീസ് പള്ളി കമ്മിറ്റി സെക്രട്ടറി സഖിർ അലി, ജാഫർ, സക്കീർ എന്നിവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.
ഈ എഫ്.ഐ.ആറിൽ , പള്ളി കമ്മിറ്റി അംഗങ്ങൾക്കെതിരെ വ്യാജ രേഖകൾ നിർമിച്ചു, നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തി, ക്രിമിനൽ ആവശ്യങ്ങൾക്കായി കടകൾ, വീടുകൾ, വാണിജ്യ ഘടനകൾ എന്നിവ നിർമിച്ചു, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
‘ഈ വ്യക്തികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും മദ്‌നി മസ്ജിദിലെ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെ വശീകരിച്ച് മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും വിവിധ സ്രോതസുകൾ സൂചിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് മേൽപ്പറഞ്ഞ പള്ളിയുടെ നിർമാണം നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. മദ്‌നി മസ്ജിദ് എന്ന മതഘടന നിയമവിരുദ്ധമായ അധിനിവേശത്തിലൂടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കയ്യേറ്റ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ കാര്യമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്, കൂടാതെ നിർമാണത്തിനുള്ള ധനസഹായത്തെക്കുറിച്ചും അത് ദേശവിരുദ്ധ സ്ഥാപനങ്ങൾ നൽകുന്നുണ്ടോ എന്നതിനെക്കുറിച്ചും പൊതുജനങ്ങൾക്ക് സംശയമുണ്ട്,’ എഫ്.ഐ.ആറിൽ പറയുന്നു.
Content Highlight: Madni Masjid Demolition: ‘Were Waiting for Municipality’s Response When Bulldozers Arrived’