| Sunday, 26th November 2023, 9:33 am

അമ്മയുടെ മടിത്തട്ടിൽ; അവളുടെ അതിജീവനത്തിന്റെ കഥ 'മടിത്തട്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനസിക വെല്ലുവിളി നേരിടുന്ന, കൗമാരക്കാരിയുടേയും അവളുടെ അമ്മയുടേയും അതിജീവനത്തിന്റെ കഥയാണ് ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രം. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇംഗ്ലീഷ്, ഭിന്നശേഷി സൗഹൃദ ഡബ് ടൈറ്റിലുകള്‍ ലഭ്യമാണ്.

‘മടിത്തട്ട്’ എന്ന ഈ ഹ്രസ്വചിത്രം, കഷ്ടപ്പാടുകൾ നിറഞ്ഞ ഭിന്നശേഷിക്കാരുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും ജീവിതത്തിലേക്ക് ചിലര്‍ അതിക്രമിച്ചെത്തുന്നതാണ് ഇതിവൃത്തം. മാനസിക വെല്ലുവിളി നേരിടുന്ന ആ കൗമാരക്കാരിയെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്നു. ഈ കുറ്റവാളികള്‍ അടങ്ങുന്ന ഒരു സമൂഹത്തിൽ, ആ മകളുടേയും അമ്മയുടേയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു.

തന്റെ മകളെ സംരക്ഷിക്കുന്നതിനായി വീട്ടുജോലിക്കാരിയായ ആ അമ്മ നേരിടുന്ന വെല്ലുവിളികളാണ് ഈ സിനിമ വരച്ചുകാട്ടുന്നത്. അക്രമികൾ സുഗമമായി രക്ഷപ്പെടുന്ന ഒരു സമൂഹത്തിൽ അതിക്രമത്തിനിരയാകുന്ന സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന നിസ്സഹായതയുടെ ആഴം മടിത്തട്ടിലൂടെ വെളിപ്പെടുന്നു. ഇരകളെ പിന്‍തുണക്കാതെ വേട്ടക്കാരെ പുല്‍കി ഇരയെ കുറ്റക്കാരാകുന്ന സാഹചര്യത്തിലേക്ക് സമൂഹം ചിന്തിക്കുന്നതിനെ ഈ ഹ്രസ്വചിത്രം വിമർശന വിധേയമാക്കുന്നു.

ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പെട്ട് നിസ്സഹായരായി പോകുകയും അരക്ഷിതമാക്കപ്പെട്ട് സൗഹൃദം ഇല്ലാതാകേണ്ടി വരുന്ന സ്ത്രികളുടെ കഥ കൂടിയാണ് മടിത്തട്ടിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്. അശരണര്‍ക്ക് തുണയാകുന്ന സംഘടനകളും സംവിധാനങ്ങളും അതിജീവന സാധ്യതകളാണെന്നും ഏത് കഠിനമായ സാഹചര്യത്തിലും ആത്മഹത്യ അരുതെന്ന് ഈ ചിത്രം ആഹ്വാനം ചെയ്യുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കും രക്ഷകർത്താക്കൾക്കും സഹജീവികളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിക്കുന്ന പിന്തുണയിലൂടെ പ്രതീക്ഷയ്ക്ക് വക നല്‍കികൊണ്ടാണ്, മടിത്തട്ട് എന്ന ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ഗോപാൽ മേനോൻ അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ നേടിയ സ്വതന്ത്ര, ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാതാവാണ്. ഇദ്ദേഹത്തിന്റെ ജനപക്ഷവും ക്രിയാത്മകവുമായ ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും അക്രമം, മതമൗലികവാദം, വംശീയ ഉന്മൂലനം, ദേശീയത ചോദ്യം, ലൈംഗികത, ഭരണകൂട അടിച്ചമർത്തൽ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ജാതി തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയവയാണ്. ഇദ്ദേഹം സാമൂഹ്യവിഷയങ്ങളില്‍ നിരവധി ഡോക്യുമെന്‍ററി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ജി ബാലകൃഷ്ണനൊപ്പം ചേർന്ന് ഗോപാൽ മേനോൻ നിർമ്മിച്ച നൂറിലധികം പരസ്യചിത്രങ്ങൾ നിരവധി ദേശീയ-പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlight: ‘madithatt’ is a short film story of a differently-abled girl.

We use cookies to give you the best possible experience. Learn more