ന്യൂദല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട ഒരു കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുന്ന തിരക്കിനിടയില്‍ മോദി ആഗോള തലത്തില്‍ എണ്ണവിലക്ക് സംഭവിച്ച 35 ശതമാനം ഇടിവ് ശദ്ധിക്കാന്‍ വിട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
” തെരഞ്ഞെടുക്കപ്പെട്ട ഒരു കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുന്ന തിരക്കിനിടയില്‍ ആഗോളതലത്തില്‍ എണ്ണവിലയില്‍ 35 ശതമാനത്തിന്റെ തകര്‍ച്ച സംഭവിച്ചത് ശ്രദ്ധിക്കാന്‍ താങ്കള്‍ വിട്ടുപോയി. ലിറ്ററിന് 60 രൂപയ്ക്ക് താഴെ പെട്രോള്‍ വില എത്തിച്ച് അതിന്റെ ഗുണം ഇന്ത്യക്കാരിലേക്ക് എത്തിക്കാമോ താങ്കള്‍ക്ക് ?സ്തംഭിച്ചു നില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥയെ അത് സഹായിക്കും”, രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് നാരായണസ്വാമി ബി.ജെ.പി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.സിന്ധ്യയിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും സിന്ധ്യ ബി.ജെ.പി ഒരുക്കിയ കെണിയില്‍ പെട്ടുപോയെന്നുമാണ് നാരായണ സ്വാമി പറഞ്ഞത്.
ജ്യോതിരാദിത്യ സിന്ധ്യയും 21 എം.എല്‍.എമാരുടെയും രാജി വെച്ചതോടെ കോണ്‍ഗ്രസില്‍പ്രതിസന്ധി രൂക്ഷമായിരുന്നു.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.