മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; 18 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് ലീഡ്, കോണ്‍ഗ്രസ് ലീഡ് 8 ആയി ചുരുങ്ങി ; ക്ഷേത്രദര്‍ശനം നടത്തി കമല്‍നാഥ്
Madhya Pradesh Bypoll 2020
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; 18 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് ലീഡ്, കോണ്‍ഗ്രസ് ലീഡ് 8 ആയി ചുരുങ്ങി ; ക്ഷേത്രദര്‍ശനം നടത്തി കമല്‍നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 11:00 am

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പിനാണ് സംസ്ഥാനം ഇക്കഴിഞ്ഞ ദിവസം സാക്ഷിയായത്.

ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 28 സീറ്റുകളില്‍ 18 ഇടത്തും ബി.ജെ.പി തന്നെയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് എട്ട് സീറ്റുകളിലായി ചുരുങ്ങിയിരിക്കുകയാണ്.

രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലയില്‍ കാര്യമായ മുന്നേറ്റം തന്നെയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ളത്.

വോട്ടെണ്ണല്‍ പുരോഗമിക്കവെ ക്ഷേത്രദര്‍ശനത്തിനായി മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് എത്തിയിരുന്നു. സംസ്ഥാനത്തെ ഒരു പ്രധാന ഹനുമാന്‍ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനത്തിനായി എത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. 229 സീറ്റുള്ള മധ്യപ്രദേശ് നിയമനിര്‍മ്മാണ സഭയില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.

നിലവില്‍ അധികാരം നിലനിര്‍ത്താന്‍ ഈ 28 സീറ്റുകളില്‍ എട്ടെണ്ണത്തിലെങ്കിലും ബി.ജെ.പിയ്ക്ക് വിജയിക്കേണ്ടതുണ്ട്. അതേസമയം, കോണ്‍ഗ്രസിന് 87 നിയമസഭാംഗങ്ങളുള്ളത്.

അതേസമയം ബീഹാറിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തില്‍ ആര്‍.ജെ.ഡിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഉള്ളത്. അങ്ങനെയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്‍.ജെ.ഡിമാറും. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മഹാസഖ്യത്തിന് 102 സീറ്റുകളും എന്‍.ഡി.എക്ക് 59 മാണ് ലീഡ്.

അതില്‍ ആര്‍.ജെ.ഡി 79 സീറ്റുകളില്‍ ലീഡ് ചെയ്ത് നില്‍ക്കുന്നു. കോണ്‍ഗ്രസിന് 16 സീറ്റുകളും മത്സരിച്ച 29 സീറ്റുകളില്‍ 7 എണ്ണത്തില്‍ ഇടതു പാര്‍ട്ടികളും ലീഡ് ചെയ്യുകയാണ്.

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhyapradesh Bypolls