| Friday, 7th July 2023, 1:14 pm

ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ച ദളിത് യുവാവിന് 6.5 ലക്ഷം ധനസഹായവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്തേക്ക് മൂത്രമൊഴിച്ച് അപമാനിച്ച ദളിത് യുവാവ് ദശ്മത് റാവത്തിന് 6.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ധനസഹായമായി 6.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദശ്മത് റാവത്തിന് ധനസഹായമായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വീട് നിര്‍മാണത്തിനുള്ള ധനസഹായമായി 1.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്,’ സിദ്ധി ജില്ലാ കളക്ടര്‍ സാകേത് മാളവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് പ്രവേശ് ശുക്ലയെന്ന ബി.ജെപി നേതാവ് ദശ്മത് റാവത്തിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വീഡിയോ വൈറലായത്. ഇത് ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ വലിയ വിമര്‍ശനത്തിന് കാരണമായി.

ഇതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ വസതിയില്‍ എത്തിച്ച് കാല്‍കഴുകി ആദരിച്ചിരുന്നു്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പങ്കുവെക്കുകയും ചെയ്തു. സിദ്ധിയില്‍ നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ശിവരാജ് സിങ് ചൗഹാന്‍ ദശ്മതിന്റെ കാല്‍ കഴുകിച്ച് പുഷ്പ ഹാരമണിയിക്കുന്നതും, വസ്ത്രങ്ങളും ഭക്ഷണവും നല്‍കിയ ശേഷം ഗണപതിയുടെ വിഗ്രഹം കൈമാറുന്നതും വീഡിയോയിലുണ്ട്.

‘സംഭവം എനിക്ക് ഏറെ ദുഖമുണ്ടാക്കി, നിങ്ങളെനിക്ക് കുചേലനെ( സുദാമ) പോലെയാണ്,’ എന്നായിരുന്നു മുഖ്യമന്ത്രി ദശ്മത് ശുക്ലയോട് പറഞ്ഞത്. ശ്രീകൃഷ്ണന്റെ ഒറ്റ സുഹൃത്താണ് കുചേലന്‍.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തിന് ശേഷം ദശ്മത് റാവത്ത് പ്രതികരിച്ചു. തന്റെ കുടുംബവുമായും അദ്ദേഹം സംസാരിച്ചെന്ന് റാവത്ത് പറഞ്ഞു.

ജൂലൈ അഞ്ചിന് പ്രവേശ് ശുക്ലയെ സിദ്ധി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേവ സെന്‍ട്രല്‍ ജയിലിലാണ് ശുക്ലയിപ്പോള്‍ ഉള്ളത്. ഇയാളുടെ അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ബുധനാഴ്ച പൊളിക്കുകയും ചെയ്തിരുന്നു.

Content Highlight: Madhyapradesh goverment sanctioned 6.5 lack  for tribal man who was urinated on

We use cookies to give you the best possible experience. Learn more