പടലപ്പിണക്കങ്ങളും ഭിന്നതയും; മധ്യപ്രദേശില്‍ കനത്ത പരാജയം നേടി കോണ്‍ഗ്രസ്
India
പടലപ്പിണക്കങ്ങളും ഭിന്നതയും; മധ്യപ്രദേശില്‍ കനത്ത പരാജയം നേടി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 11:41 am

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 156 സീറ്റുകളില്‍ വ്യക്തായ ലീഡ് നേടി ബി.ജെ.പി മുന്നേറുമ്പോള്‍ 71 സീറ്റുകളില്‍ ലീഡുമായി ഒതുങ്ങുകയാണ് കോണ്‍ഗ്രസ്.

വരാനിരിക്കുന്ന 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവളി ഉയര്‍ത്താമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യമായ ഇന്ത്യാ സഖ്യത്തിന് കാലിടറിയ കാഴ്ചയാണ് മധ്യപ്രദേശില്‍ കാണുന്നത്.

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ തകര്‍ച്ച പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന കനത്ത ആഘാതമാകുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ എസ്.പി.യും ആം ആദ്മി പാര്‍ട്ടിയും ജെ.ഡി.യുവും മധ്യപ്രദേശില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ മുന്നണിയില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു ഈ നടപടി. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് മറ്റുകാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പാര്‍ട്ടികള്‍ക്കിടയില്‍ രൂപപ്പെട്ട ഭിന്നത.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെ.ഡി.യു. ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ദേശീയതലത്തില്‍ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ വഹിച്ചത്. എന്നാല്‍ നേതാക്കളെ ഒരുമിപ്പ് നിര്‍ത്തുന്നതിലും സീറ്റ് വിഭജനത്തിലടക്കം കാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും മുന്നണി പരാജയപ്പെട്ടു.

സമാജ് വാദി പാര്‍ട്ടിയുമായി ഉടലെടുത്ത ഭിന്നതകളും വലിയ തിരിച്ചടിയ്ക്കാണ് കാരണമായത്. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 45 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു ‘ഇന്ത്യ’ മുന്നണിയിലെ പ്രധാനപാര്‍ട്ടികളില്‍ ഒന്നായ സമാജ് വാദി പാര്‍ട്ടി. 70 ഓളം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.

പാര്‍ട്ടിക്കുള്ളിലെ ഐക്യമില്ലായ്മയും തമ്മിലടിയും പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്.എക്‌സിറ്റ്‌പോള്‍ സര്‍വേയില്‍ തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസിന് അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2023ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്ന് രാവിലെ വരെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

‘ഞാന്‍ ഒരു ട്രന്റും കണ്ടിട്ടില്ലെന്നും 11 മണി വരെയുള്ള വോട്ട് നിലയനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്താനാവില്ലെന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, ഞാന്‍ വോട്ടര്‍മാരെ വിശ്വസിക്കുന്നു’ എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്.

എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി വിജയം ഉറപ്പിക്കുന്നെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്.

അഞ്ചാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമുള്ള വലിയ ആത്മവിശ്വാസം ശിവരാജ് സിങ് ചൗഹാന്‍ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് വിജയത്തിന്റെ ക്രെഡിറ്റ് താന്‍ നല്‍കുന്നതെന്നാണ് ചൗഹാന്‍ പറഞ്ഞത്.

2003 മുതല്‍ ബി.ജെ.പി കൃത്യമായി ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ് മധ്യപ്രദേശ്. ഇന്ത്യാ മുന്നണിയുടെ രൂപീകരണം മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന വലിയ പ്രതീക്ഷ പാര്‍ട്ടിക്ക് നല്‍കിയെങ്കിലും പടലപ്പിണക്കങ്ങളും തമ്മിലടിയും ഇത്തവണയും വലിയ തിരിച്ചടി കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ വിജയം പ്രതീക്ഷിച്ചവര്‍ക്കെല്ലാം കനത്ത തിരിച്ചടി കൂടിയാണ് മധ്യപ്രദേശിലെ പരാജയം.

Content Highlight: Madhyapradesh Election Result and Congress Failure