ഭോപാല്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മധ്യപ്രദേശില് ബജറ്റ് അവതരണത്തിനുള്ള ദിവസം അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിയമസഭയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. മാര്‍ച്ച് 16നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
15 മാസം പ്രായമുള്ള കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധി തരണം ചെയ്യാന്‍ എന്തെല്ലാം ചെയ്യുമെന്നതിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
മാര്‍ച്ച് 16ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനങ്ങള്‍ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് കമല്‍നാഥ് ഇന്ന് ഗവര്‍ണറെ കാണും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ തങ്ങളുടെ പക്കലുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ നിലവില്‍ വ്യക്തതകളൊന്നുമില്ല.
ബെംഗലൂരുവിലുള്ള എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇവരെ പുറത്തുവിടാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ