ഭോപാല്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മധ്യപ്രദേശില് ബജറ്റ് അവതരണത്തിനുള്ള ദിവസം അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിയമസഭയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. മാര്‍ച്ച് 16നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
15 മാസം പ്രായമുള്ള കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധി തരണം ചെയ്യാന്‍ എന്തെല്ലാം ചെയ്യുമെന്നതിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
മാര്‍ച്ച് 16ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനങ്ങള്‍ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് കമല്‍നാഥ് ഇന്ന് ഗവര്‍ണറെ കാണും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ തങ്ങളുടെ പക്കലുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ നിലവില്‍ വ്യക്തതകളൊന്നുമില്ല.