മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ്; ബി.ജെ.പി ഭരണത്തിലെ അഴിമതി പട്ടിക പുറത്തിറക്കി
national news
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ്; ബി.ജെ.പി ഭരണത്തിലെ അഴിമതി പട്ടിക പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th August 2023, 9:45 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയെ നേരിടാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. കഴിഞ്ഞ 18 വര്‍ഷമായി ബി.ജെ.പി സര്‍ക്കാരിന് കീഴിലുണ്ടായ അഴിമതി ആരോപണങ്ങളുടെ പട്ടിക (ഘോട്ടാല ഷീറ്റ്) കോണ്‍ഗ്രസ് പുറത്തിറക്കി. അഴിമതിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ചിത്രം വരുന്ന കാലം ഒരുപാട് അകലെയല്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

’18 വര്‍ഷത്തെ ഭരണത്തില്‍ മധ്യപ്രദേശിലെ ശിവരാജ് ചൗഹാന്റെ സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡാണ് ഉണ്ടാക്കിയിരിക്കുന്നത്. പട്ടിക വളരെ വലുതാണ്. കോണ്‍ഗ്രസ് ചില വമ്പന്‍ അഴിമതികള്‍ ഘോട്ടാല ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ ഗൂഗിളില്‍ അഴിമതിയെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ശിവരാജ് സിങ് ചൗഹാന്റെ ചിത്രം വരുന്ന കാലം വിദൂരമല്ല.

2018-2020 കാലയളവില്‍ എന്തുകൊണ്ടാണ് ഈ അഴിമതികളെ കുറിച്ച് അന്വേഷിക്കാതിരുന്നത് എന്നതിനും കമല്‍ നാഥ് മറുപടി നല്‍കി. 15 മാസം മാത്രമാണ് താന്‍ അധികാരത്തിലിരുന്നതെന്നും ഇക്കാലയളവില്‍ മധ്യപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

’15 മാസക്കാലമാണ് ഞാന്‍ അധികാരത്തിലിരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കാരണം ഇതില്‍ രണ്ടര മാസം വെറുതെ കളഞ്ഞു. അഴിമതികള്‍ അന്വേഷിക്കുന്നതിനേക്കാള്‍ ഈ കാലയളവില്‍ മധ്യപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്,’ അദ്ദേഹം പറഞ്ഞു.

253 അഴിമതികള്‍ അടങ്ങിയ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. അനധികൃത ഖനനം (50,000 കോടി), ഇ.ടെന്‍ഡര്‍ അഴിമതി (3,000 കോടി), ആര്‍.ടി.ഒ അഴിമതി ( 25,000 കോടി), മദ്യ അഴിമതി (86,000 കോടി) വൈദ്യുതി അഴിമതി (94,000 കോടി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബി.ജെ.പിക്കെതിരായ അഴിമതി ക്യാമ്പയിനില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിസ്ഡ് കോള്‍ നല്‍കാനായി ഒരു ഫോണ്‍ നമ്പറും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പിയും രംഗത്തെത്തി. കമല്‍നാഥിനെ അഴിമതി നാഥ് (കറപ്ഷന്‍ നാഥ്) എന്നുവിളിച്ചുകൊണ്ടായിരുന്നു മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ലഘുലേഖക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.

2018ല്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 109 സീറ്റായിരുന്നുബി.ജെ.പി നേടിയിരുന്നത്. തുടര്‍ന്ന് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും നിരവധി എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോകുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് കമല്‍നാഥ് രാജിവെച്ചു. തുടര്‍ന്ന് ശിവരാജ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Content Highlights: Madhyapradesh congress release scam list under bjp government