'കടുവകളുടെ പല്ലും നഖവും കൊഴിഞ്ഞെന്നു തോന്നുന്നു'; ചൗഹാനെയും സിന്ധ്യയെയും പരിഹസിച്ച് ദിഗ് വിജയ സിങ്
national news
'കടുവകളുടെ പല്ലും നഖവും കൊഴിഞ്ഞെന്നു തോന്നുന്നു'; ചൗഹാനെയും സിന്ധ്യയെയും പരിഹസിച്ച് ദിഗ് വിജയ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 2:41 pm

ഭോപാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ രൂപീകരണത്തിന് ശേഷവും വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുറുകവെ ബി.ജെ.പിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞ് എട്ടുദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വകുപ്പുകള്‍ വിഭജിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കടുവകള്‍ക്ക് പല്ലുകൊഴിഞ്ഞെന്നാണ് തോന്നുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദിഗ് വിജയ സിങ് പരിഹസിച്ചു.

‘ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ രൂപീകരിച്ചിട്ട് എട്ട് ദിവസം പിന്നിടുകയാണ്. ഇതുവരെയും വകുപ്പുകള്‍ വിഭജിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കടുവ പല്ലും നഖവുമില്ലാത്തതും നിരാലംബനുമായി തീര്‍ന്നിട്ടുണ്ടോ? സ്വന്തം പ്രതലം ഉപേക്ഷിച്ച് ആരാണ് ഓടുകയെന്ന് നോക്കാം’, ദിഗ് വിജയ സിങ് പറഞ്ഞു.

ശിവരാജ് സിങ് ചൗഹാനും കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയും സ്വയം കടുവകളാണെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനവുമായി ദിഗ് വിജയ സിങ് രംഗത്തെത്തിയിരിക്കുന്നത്. കടുവകള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നായിരുന്നു മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനെ ഉന്നം വെച്ച് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.

കേന്ദ്രതൃത്വത്തിലുള്ള എല്ലാ നേതാക്കളും ദല്‍ഹിയില്‍നിന്നും ഭോപാലിലേക്ക് വകുപ്പു വിഭജന ചര്‍ച്ചകള്‍ക്കായി എത്തുകയാണെന്നും ദിഗ് വിജയ സിങ് പരിഹസിച്ചു. ‘ഇത് വകുപ്പുകളുടെ വിഭജനമല്ല. കൊള്ളമുതലിന്റെ വിതരണമാണ്. ഗതാഗതം, എക്‌സൈസ്, റെവന്യൂ, നഗര ഭരണം എന്നീ വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ സിന്ധ്യ ജി ആഗ്രഹിക്കുന്നില്ല’, സിങ് ട്വീറ്റ് ചെയ്തു.

ശിവരാജ് സിങ് ചൗഹാന്‍ ഒരു ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം തന്നെ തെൡയിച്ചുകഴിഞ്ഞെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍ പേഴ്‌സണുമായ ജിതു പത്വാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൗഹാന്‍ രാജിവെച്ച് സ്ഥാനമൊഴിയണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ ശരിയായ രീതിയില്‍ തെരഞ്ഞെടുക്കുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 23 ന് അധികാരമേറ്റെടുത്ത ചൗഹാന്‍ മന്ത്രിസഭയില്‍ ആദ്യ മാസം ഒരു മന്ത്രിമാരും ഇല്ലായിരുന്നു. പിന്നീട് ഏപ്രില്‍ 21നാണ് അഞ്ച് മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്.

സിന്ധ്യയുടെ വിശ്വസ്തരെയായിരുന്നു ചൗഹാന്‍ പരിഗണിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ വികസനം പൂര്‍ത്തിയാക്കിയത്.

തന്റെ ഒപ്പം കൂറുമാറി ബി.ജെ.പിയിലെത്തിയവരെ മന്ത്രിമാരാക്കിയതിന് പിന്നാലെ അവര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കണമെന്ന സമ്മര്‍ദ്ദം ജ്യോതിരാദിത്യ സിന്ധ്യ മുന്നോട്ടുവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും ആര്‍ക്കും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. ചൗഹാന്‍ ദല്‍ഹിയില്‍നിന്നും തിരിച്ചെത്തിയ ശേഷം വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടപടിയായിട്ടില്ല. വകുപ്പ് വിഭജനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചൗഹാന്‍ അറിയിച്ചിരിക്കുന്നത്.

സിന്ധ്യ ക്യാമ്പിലെ 12 മുന്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 28 പേരാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിന്ധ്യയുടെ വിശ്വസ്തര്‍ക്ക് ഭൂരിപക്ഷം നല്‍കിയതില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ളില്‍ അമര്‍ഷമുണ്ടായിരുന്നു.

തുടര്‍ന്ന് സുപ്രധാന വകുപ്പുകള്‍ക്കൂടി സിന്ധ്യ ക്യാമ്പ് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. എം.എല്‍.എ സ്ഥാനം രാജിവെച്ച് വന്ന ഇവര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടതുമുണ്ട്.

അതേസമയം, മുന്‍ ബി.ജെ.പി സര്‍ക്കാരുകളിലെ മന്ത്രിമാരായിരുന്ന പല നേതാക്കളും ചൗഹാന്‍ മന്ത്രിസഭയില്‍ ഉയര്‍ന്ന വകുപ്പുകള്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇതിനോട് വിയോജിച്ച് കൂടുതല്‍ വകുപ്പുകള്‍ കൈക്കലാക്കാനാണ് സിന്ധ്യയുടെ നീക്കം.

സിന്ധ്യ ക്യമ്പും ചൗഹാന്‍ ക്യാമ്പും തമ്മിലുള്ള ഈ തര്‍ക്കമായിരുന്നു മന്ത്രിസഭാ വികസനത്തിനുതന്നെ കാലതാമസം വരുത്തിയിരുന്നത്. ഇപ്പോള്‍ ആ തര്‍ക്കം വകുപ്പുകളെ ചൊല്ലി തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ