ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ 85ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രപരസ്യത്തില്‍ മഹാത്മാ ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാന്‍ രംഗത്ത്.
ദേശീയ നേതാക്കളുടെ ഫോട്ടോ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അവകാശമാണ് ഉള്ളതെന്ന് ചോദിച്ച ചൗഹാന്‍ ദേശീയ നേതാക്കളെ അപമാനിക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ രാഷ്ട്രീയ പാര്‍ട്ടിയായി നിലനിര്‍ത്താന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ നാഷണല്‍ കണ്‍വെന്‍ഷന്‍ പരസ്യത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ച് വിടണമെന്ന് പറഞ്ഞ ആളാണ് ഗാന്ധി. കോണ്‍ഗ്രസിനെ ലോക് സേവക് സംഘമായി മാറ്റാനാണ് ഗാന്ധി ശ്രമിച്ചത്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നിലനിര്‍ത്താന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നില്ല,’ ചൗഹാന്‍ പറഞ്ഞു.
അംബേദ്കറും സുഭാഷ്ചന്ദ്രബോസും കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടി രൂപീകരിച്ചവരാണെന്നും സര്‍ദാര്‍ പട്ടേലടക്കം ഒരുപാട് നേതാക്കളെ കോണ്‍ഗ്രസ് അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് കൂടാതെ അവര്‍ ബി.ആര്‍ അംബേദ്കറുടെയും നേതാജിയുടെയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ഫോര്‍വേഡ് ബ്ലോക് രൂപീകരിച്ചതൊക്കെ ഇവര്‍ മറന്നോ?
കോണ്‍ഗ്രസ് എല്ലാകാലത്തും ദ്രോഹിച്ച വ്യക്തിയായ സര്‍ദാര്‍ പട്ടേലിനെയും അവരിപ്പോള്‍ കൂടെ കൂട്ടിയിരിക്കുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ തീന്‍ മൂര്‍ത്തി ഭവനില്‍ നിന്ന് പുറത്താക്കിയ ആളാണ് ഇന്ദിരാഗാന്ധി.