| Sunday, 5th March 2023, 9:32 am

പെഗാസസ് രാഹുല്‍ ഗാന്ധിയുടെ ഫോണിലല്ല, മനസില്‍: ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പെഗാസസ് രാഹുല്‍ ഗാന്ധിയുടെ ഫോണിലല്ല മനസില്‍ ആണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പെഗാസസ് കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ അലിഞ്ഞു കഴിഞ്ഞെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ ക്ലാസ്സില്‍ തന്റെ ഫോണ്‍ കോളുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘പെഗാസസ് രാഹുല്‍ ഗാന്ധിയുടെ ഫോണിലല്ല മനസിലാണ്. പെഗാസസ് കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ അലിഞ്ഞു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ‘ബുദ്ധി’യില്‍ എനിക്ക് സഹതാപമുണ്ട്. അദ്ദേഹം വിദേശ രാജ്യങ്ങളില്‍ പോയി നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തും.

വിദേശ എംബസികളില്‍ പോയി ഇന്ത്യാ വിരുദ്ധനായി സംസാരിക്കും. ഇത്തരത്തില്‍ വിദേശത്തു പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ അജണ്ടയായി മാറി,’ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത് രാജ്യദ്രോഹമാണെന്നും അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും രാഹുല്‍ ഗാന്ധിയോട് ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ചാരസോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍കോള്‍ ചോര്‍ത്തിയിരുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമായി മാറിയെന്നായിരുന്നു താക്കൂറിന്റെ പരാമര്‍ശം.

അതേസമയം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനേയും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ബൈഗ, ഭാരിയ, സഹാരിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ പ്രതിമാസം നിക്ഷേപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് നിര്‍ത്തലാക്കി.

ഇപ്പോള്‍ സ്ത്രീകള്‍ കോണ്‍ഗ്രസിനെ ചോദ്യം ചെയ്യുന്നതില്‍ തെറ്റില്ലെന്നും ചൗഹാന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ലാഡ്‌ലി ബെഹന്‍ യോജനയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൗഹാന്റെ മറുപടി.

Content Highlight: Madhyapradesh chief minister Shivaraj Singh Chauhan says pegasus in not in rahul’s phone but in his mind

We use cookies to give you the best possible experience. Learn more