| Monday, 13th July 2020, 1:29 pm

വിജയം സിന്ധ്യയ്ക്ക് തന്നെ, പിടിച്ച വകുപ്പെല്ലാം നേടി; മധ്യപ്രദേശില്‍ മന്ത്രിസഭ വികസനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് മന്ത്രിസഭ രൂപീകരിച്ച് 11 ദിവസം പിന്നിടവെ, വകുപ്പുവിഭജനത്തിന് തുടക്കമായി. ഏറെ പ്രതിസന്ധികള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ അന്തിമ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. പ്രധാന വകുപ്പുകളില്‍ ചിലത് സിന്ധ്യ ക്യാമ്പിന് അനുവദിച്ചാണ് പുതിയ നീക്കം.

റെവന്യൂ, ആരോഗ്യം, ഊര്‍ജ്ജം, വനിത ശിശുക്ഷേമം, ടൂറിസം, ഗതാഗതം തുടങ്ങിയ വകുപ്പുകളാണ് സിന്ധ്യ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ പ്രധാന വകുപ്പുകള്‍ തന്നോടൊപ്പം വന്നവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആഭ്യന്തരം, പൊതുമരാമത്ത്, ധനകാര്യം, മെഡിക്കല്‍ എജ്യുക്കേഷന്‍, മിനറല്‍ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ക്യാമ്പിന് അനുവദിച്ചിരിക്കുന്നത്. പൊതുഭരണം, പബ്ലിക് റിലേഷന്‍, നര്‍മദ വാലി വികസനം, വ്യോമയാനം തുടങ്ങിയ വകുപ്പുകള്‍ ചൗഹാന് തന്നെയാണ്.

ആരോഗ്യ വകുപ്പ് ചൗഹാന്റെ വിശ്വസ്തനായിരുന്ന നരോത്തം മിശ്രയില്‍നിന്നും മാറ്റി സിന്ധ്യയുടെ വിശ്വസ്തനായ ഡോ പ്രഭുറാം ചൗധരിക്ക് നല്‍കിയതാണ് സുപ്രധാന തീരുമാനം.

സിന്ധ്യ ക്യാമ്പില്‍നിന്നുള്ള മറ്റുള്ളവരായ പ്രത്യുംന തോമറിന് ഊര്‍ജ്ജം, മഹേന്ദ്ര സിങ് സിസോദിയയ്ക്ക് പഞ്ചായത്ത്, ഗ്രാമീണ വികസനം, ഇമര്‍ത്തി ദേവിക്ക് വനിത ശിശുക്ഷേമം തുടങ്ങിയവയാണ് ലഭിച്ചിരിക്കുന്നത്.

റെവന്യു, ഗതാഗതം എന്നിവ സിന്ധ്യയുടെ വിശ്വസ്തനായ ഗോവിന്ദ് സിങിനാണ്. സിന്ധ്യ ക്യാമ്പിന് റെവന്യു വകുപ്പ് നല്‍കാന്‍ ചൗഹാന് വിയോജിപ്പുണ്ടായിരുന്നെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more