ഭോപാല്‍: മധ്യപ്രദേശ് മന്ത്രിസഭ രൂപീകരിച്ച് 11 ദിവസം പിന്നിടവെ, വകുപ്പുവിഭജനത്തിന് തുടക്കമായി. ഏറെ പ്രതിസന്ധികള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ അന്തിമ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. പ്രധാന വകുപ്പുകളില്‍ ചിലത് സിന്ധ്യ ക്യാമ്പിന് അനുവദിച്ചാണ് പുതിയ നീക്കം.
റെവന്യൂ, ആരോഗ്യം, ഊര്‍ജ്ജം, വനിത ശിശുക്ഷേമം, ടൂറിസം, ഗതാഗതം തുടങ്ങിയ വകുപ്പുകളാണ് സിന്ധ്യ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ പ്രധാന വകുപ്പുകള്‍ തന്നോടൊപ്പം വന്നവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആഭ്യന്തരം, പൊതുമരാമത്ത്, ധനകാര്യം, മെഡിക്കല്‍ എജ്യുക്കേഷന്‍, മിനറല്‍ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ക്യാമ്പിന് അനുവദിച്ചിരിക്കുന്നത്. പൊതുഭരണം, പബ്ലിക് റിലേഷന്‍, നര്‍മദ വാലി വികസനം, വ്യോമയാനം തുടങ്ങിയ വകുപ്പുകള്‍ ചൗഹാന് തന്നെയാണ്.