മാധ്യമം സ്വന്തം ജീവനക്കാരുടെ മെയില്‍ ചോര്‍ത്തി 'മാതൃക' കാട്ടുന്നു
Kerala
മാധ്യമം സ്വന്തം ജീവനക്കാരുടെ മെയില്‍ ചോര്‍ത്തി 'മാതൃക' കാട്ടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2012, 7:31 pm

കോഴിക്കോട്: ഒരു പ്രത്യക സമുദായത്തിന്റെ  ഇമെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ഇമെയില്‍ ചോര്‍ത്തി “മാതൃക” കാട്ടുന്നു. ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇറക്കിയിട്ടുള്ള സര്‍ക്കുലറിലാണ് പത്രം ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. []

മാധ്യമം മാനേജ്‌മെന്റിനെയും ജീവനക്കാരെയും പരാമര്‍ശിച്ച് മെസ്സേജുകളും മെയിലുകളും അയക്കുന്ന ജീവനക്കാര്‍ക്ക് താക്കീതെന്ന നിലയിലാണ് സര്‍ക്കുലാര്‍ ഇറങ്ങിയിരിക്കുന്നത്. ഏതാനം നാളുകളായി മാധ്യമത്തിനെതിരെ പ്രചരിപ്പിക്കപ്പെട്ട മെസ്സേജുകളുടെയും മെയിലുകളുടെയും പൂര്‍ണ്ണ വിവരങ്ങളാണ് മാധ്യമം ചോര്‍ത്തിയിരിക്കുന്നതെന്നാണ് ഈ സര്‍ക്കുലറില്‍ മാധ്യമം അവകാശപ്പെടുന്നത്.

ഒരു പ്രത്യക സമുദായത്തിന്റെ ഇമെയില്‍ ചോര്‍ത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രമാണ് മാധ്യമം. ഭരണകൂടം ചോര്‍ത്തിയ ലിസ്റ്റിനെ കുറിച്ച് നിരവധി വിവാദങ്ങളും അന്ന് മാധ്യമത്തിന് നേരിടേണ്ടി വന്നിരുന്നു. അതേ മാധ്യമം തന്നെ ഇപ്പോള്‍ തങ്ങളുടെ ജീവനക്കാരുടെ സ്വകാര്യതയിലേയ്ക്കും കൈകടത്തുമ്പോള്‍ പത്രത്തിന്റെ നയത്തിലെ ഇരട്ടത്താപ്പാണ് ഇതോടെ വെളിച്ചത്ത് വരുന്നത്.

നാളുകളായി മനുഷ്യാവകാശ ധ്വംസത്തെകുറിച്ചും പൗരസ്വാതന്ത്ര്യത്തെകുറിച്ചും പൗരന്‍മാരുടെ സ്വകാര്യ ജീവിതത്തിനുമേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചും നിരവധി ലേഖന പരമ്പരകളും വാര്‍ത്തകളുമടക്കം നല്‍കിക്കൊണ്ട് പത്രം ഇടപെട്ടിരുന്നു. മറ്റുള്ളവരുടെ അവകാശത്തെ കുറിച്ച് പത്രം വാചാലമാകുമ്പോഴും സ്വന്തം ജീവനക്കാരുടെ അവകാശങ്ങള്‍ ധ്വംസിക്കാനും അവരെ വരുതിയില്‍ നിര്‍ത്താന്‍ ഭീഷണി നല്‍കാനും പത്രത്തിന് മടിയില്ല എന്നാണ് ഈ സര്‍ക്കുലറിലൂടെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.


മുസ്‌ലിംകളുടെ ഇ-മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു: മാധ്യമം സ്‌കൂപ്പ്

പക്ഷം ചേരാത്ത ഭീരുക്കള്‍

നോട്ടപ്പുള്ളികളുടെ കള്ളിയില്‍

ഇ-മെയില്‍ ചോര്‍ത്തല്‍: ഒ.അബ്ദുറഹ്മാന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു