| Wednesday, 17th February 2016, 3:44 pm

മാധ്യമം പത്രാധിപര്‍, പത്രം ആപ്പീസില്‍ മാത്രമല്ല; കുളിക്കടവിലും (ഫേസ്ബുക്കിലും) രാഷ്ട്രീയമുണ്ട് സര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരോഗമന ചിന്തകളെ മുഴുവന്‍ പരിഹാസ്യമാക്കുന്ന നിലപാടാണ് പിന്നീട് വി.പി റജീനയുടേയും വിവാദമായ തന്റെ പഴയ സംവരണ ലേഖനത്തിനെയും സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള  മറുപടിയില്‍ കാണുന്നത്. കാന്തപുരം അടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധതയെ സൈദ്ധാന്തികപരമായി വിലയിരുത്തുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ആള്‍ തന്നെ ഇതേ സ്ത്രീ വിരുദ്ധതയുടെ ഭാഗമായി റജീനയെ സംഘടിതമായി ആക്രമിച്ചവരുടെ വാദങ്ങളെ  പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്.  


| ഒപ്പിനിയന്‍ : നസിറുദ്ദീന്‍ |

മാധ്യമം പത്രാധിപരും ജമാഅത്ത്സൈദ്ധാന്തികനുമായ ഒ. അബ്ദുറഹ്മാനുമായി “മുഖ്യധാരാ” ത്രൈമാസിക നടത്തിയ അഭിമുഖം പല കാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയം, ഇസ്‌ലാമിലെ സ്ത്രീ, വി.പി റജീനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലെ മാധ്യമത്തിന്റെ നിലപാട് എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് അഭിമുഖം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഫലത്തില്‍ ഈ മൂന്ന് വിഷയങ്ങളിലൂടെ ജമാഅത്ത് വീക്ഷണത്തിലെ രാഷ്ട്രീയം, മതം, പാര്‍ട്ടി/സ്ഥാപനം എന്നീ മൂന്ന് ഘടകങ്ങളെ അഭിമുഖം വിലയിരുത്താന്‍ ശ്രമിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ വരവോടെ ശക്തമാവുന്ന ഇസ്‌ലാമിലെ ബദല്‍ വായനകള്‍, ഇസ്‌ലാമോഫോബിയയും തീവ്ര വഹാബിസ്റ്റ് ധാരകളുംവരെ സ്വാധീനിക്കുന്ന മുസ്‌ലിം രാഷ്ട്രീയം, ഇന്ത്യയില്‍ മുസ്‌ലിങ്ങളാദി പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുന്നത് എന്നിവയെല്ലാം മുസ്‌ലിം ബൗദ്ധിക, സാമുദായിക നേതൃത്വത്തിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ജമാഅത്ത്/മാധ്യമം നിലപാട് ഏറെ പ്രസക്തമാവുന്നുണ്ട്.

ഇസിസ് എന്ന പ്രതിഭാസത്തെ അല്‍പം വിശദമായി തന്നെ എ.ആര്‍ (ഒ. അബ്ദുറഹ്മാന്‍) അഭിമുഖത്തില്‍  വിലയിരുത്തുന്നു. അമേരിക്കയുടേയും ഇസ്രാഈലിന്റേയും താല്‍പര്യങ്ങള്‍, നൂരി മാലിക്കിയുടെ കുപ്രസിദ്ധ ഭരണം, പെട്രോളിന്റെ രാഷ്ട്രീയം, തീവ്ര വഹാബിസം തുടങ്ങിയ ഘടകങ്ങളെ കൃത്യമായി വിലയിരുത്തുന്നുമുണ്ട്.

പക്ഷേ വഹാബിസ്റ്റുകളുടെ ഇസ്‌ലാമിന്റെ വ്യാഖ്യാനത്തില്‍ ഗുരുതര പ്രശ്‌നം കാണുമ്പോള്‍ തന്നെ ജമാഅത്ത് പോലുള്ള ഇതര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ വീക്ഷണത്തില്‍ എവിടെയും അദ്ദഹം പ്രശ്‌നം കാണുന്നില്ല. ഇസ്‌ലാമിക ഖിലാഫത്തിനെ സംബന്ധിച്ച ചോദ്യത്തിലും മൗദൂദിയെ ശക്തിയായി ന്യായീകരിക്കാനാണ് എ.ആര്‍ ശ്രമിക്കുന്നത്.


പ്രവാചകന്റെ  കാലത്തിന് വളരെ ശേഷം ഉരുത്തിരിഞ്ഞ് വന്ന ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രത്തിന് കിട്ടുന്ന അപ്രമാദിത്വത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ഖുര്‍ആനും നബിചര്യയും ആണ് ഇസ്‌ലാമിന്റെ അടിസ്ഥാനം എന്ന കാര്യം മനസ്സിലാക്കാതെ ഫിഖ്ഹിന് അടിമപ്പെട്ടതാണ് കാന്തപുരം അടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധതയുടെ അടിസ്ഥാനമെന്ന നിരീക്ഷണം ആര്‍ജവമുള്ളതാണ്.  


വി.പി റജീന, മാധ്യപ്രവര്‍ത്തക


ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ പറ്റി വാചാലനാവുമ്പോഴും വ്യത്യസ്ത ധാരകളുടെ സൃഷ്ടിയായിരുന്ന ഇറാനിയന്‍ വിപ്ലവത്തെ ഏകപക്ഷീയമായി ഖുമൈനിയും കൂട്ടരും ഹൈജാക്ക് ചെയ്തതിനെ പറ്റിയോ പിന്നീടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സ്ത്രീ വിരുദ്ധതക്കക്കും കാരണമായതിനെക്കുറിച്ചോ പരാമര്‍ശമില്ലാത്തതും സ്വാഭാവികം.

സലഫിസത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴും മൗദൂദിയന്‍ ആശയങ്ങളില്‍ ഏതെങ്കിലും രീതിയില്‍ പുനര്‍വായന പോലും ആവശ്യമാണെന്ന് പറയുന്നേയില്ല.

അഭിമുഖത്തില്‍ മൗദൂദിയെയും ജമാഅത്തിനെയും വിട്ട് ഇസ്‌ലാമിന്റെ കാലികമായ പുനര്‍വായനയെയും സ്ത്രീ സങ്കല്‍പങ്ങളേയും കുറിച്ച് പറയുമ്പോള്‍ വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. ഒരു പക്ഷേ ഒരു ജമാഅത്ത് നേതാവില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണതില്‍ പലതും.

പ്രവാചകന്റെ  കാലത്തിന് വളരെ ശേഷം ഉരുത്തിരിഞ്ഞ് വന്ന ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രത്തിന് കിട്ടുന്ന അപ്രമാദിത്വത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ഖുര്‍ആനും നബിചര്യയും ആണ് ഇസ്‌ലാമിന്റെ അടിസ്ഥാനം എന്ന കാര്യം മനസ്സിലാക്കാതെ ഫിഖ്ഹിന് അടിമപ്പെട്ടതാണ് കാന്തപുരം അടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധതയുടെ അടിസ്ഥാനമെന്ന നിരീക്ഷണം ആര്‍ജവമുള്ളതാണ്.


ശരീഅത്തിന്റെ വിശാല ലക്ഷ്യങ്ങളും അടിസ്ഥാന സങ്കല്‍പങ്ങളായ നീതി, ലാളിത്യം, സുതാര്യത തുടങ്ങിയവയും ഉള്‍ക്കൊണ്ട് ഇജ്തിഹാദ് (Independent reasoning) നടത്തി സ്ത്രീക്ക് നീതി ലഭിക്കുന്ന രീതിയില്‍ ശരീഅത്ത് നിയമങ്ങള്‍ മാറ്റാവുന്നതാണെന്നും അദേഹം അഭിപ്രായപ്പെടുന്നു. സമുദായത്തിന്‍ നടക്കുന്ന മുത്വലാഖ്, അനിയന്ത്രിതമായ ബഹുഭാര്യത്വം തുടങ്ങിയ പലതും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും അത് കൊണ് മുസ്‌ലിം പേഴ്‌സണല്‍ ലോയില്‍ ഭേദഗതി ആവശ്യമാണെന്നും പറയുന്നു.


“രാജാക്കന്മാരുടെ കാലത്ത് ഇജ്ത്തിഹാദ് നടത്തിയോ  അല്ലാതെയോ പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയ പലതും അസംബന്ധങ്ങളാണ്. പലതും പരസ്പര വിരുദ്ധവുമാണ്. ഈ ഫിഖ്ഹാണ് ഇസ്‌ലാമിനെ ഇത്രമേല്‍ സ്ത്രീവിരുദ്ധമാക്കിയതും. പല ഫിഖ്ഹ് ഗ്രന്ഥങ്ങളും വായിച്ച് നോക്കിയാല്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. അതൊന്നും ഇസ്‌ലാമിന്റെ കാഴ്ചപ്പാടല്ല.” എന്നുമദ്ദേഹം നിരീക്ഷിക്കുന്നു.

ഇതേ നിലപാടിന്റെ  തുടര്‍ച്ച തന്നെയാണ് സ്വത്തവകാശത്തെക്കുറിച്ച് പറയുന്ന ഭാഗം. “സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ലാതിരുന്ന കാലത്ത് നബിയവര്‍ക്ക് മിനിമം സ്വത്തവകാശം നല്‍കി. അത് കാലോചിതമായി പരിഷ്‌കരിച്ച് ആണിന് തുല്യമാക്കാമോ എന്ന് പരിശോധിക്കണം” എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ശരീഅത്തിന്റെ വിശാല ലക്ഷ്യങ്ങളും അടിസ്ഥാന സങ്കല്‍പങ്ങളായ നീതി, ലാളിത്യം, സുതാര്യത തുടങ്ങിയവയും ഉള്‍ക്കൊണ്ട് ഇജ്തിഹാദ് (Independent reasoning) നടത്തി സ്ത്രീക്ക് നീതി ലഭിക്കുന്ന രീതിയില്‍ ശരീഅത്ത് നിയമങ്ങള്‍ മാറ്റാവുന്നതാണെന്നും അദേഹം അഭിപ്രായപ്പെടുന്നു. സമുദായത്തിന്‍ നടക്കുന്ന മുത്വലാഖ്, അനിയന്ത്രിതമായ ബഹുഭാര്യത്വം തുടങ്ങിയ പലതും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും അത് കൊണ് മുസ്‌ലിം പേഴ്‌സണല്‍ ലോയില്‍ ഭേദഗതി ആവശ്യമാണെന്നും പറയുന്നു.

“മുഹമ്മദന്‍ ലോ എന്ന പേരില്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീക്ക് നേരെ വലിയ അനീതി നടക്കുന്നുണ്ട്.” അത് കൊണ്ട് ഒരു മാതൃകാ സിവില്‍ കോഡ് പ്രഖ്യാപിച്ച് എല്ലാവരും യോജിപ്പും വിയോജിപ്പും ചര്‍ച്ച ചെയ്യട്ടെ എന്നദ്ദേഹം പറയുന്നു. “ഏകപക്ഷീയമായ എതിര്‍പ്പ് ശരിയല്ല. ശിയാക്കള്‍ക്കിടയില്‍ അനുവദനീയമായ മുത്അ/ താല്‍കാലിക വിവാഹം പോലുള്ളവ എങ്ങനെയാണ് ഇസ്‌ലാമികമാവുക ?” അത് കൊണ്ട് തന്നെ ശരീഅത്ത് പരിഷ്‌കരിക്കേണ്ടതുണ്ടെന്നും എ.ആര്‍ പറയുന്നു.

അടുത്തപേജില്‍ തുടരുന്നു


കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിക്കുമ്പോഴും മൗദൂദിയുടെ അറു പിന്തിരിപ്പന്‍ സ്ത്രീവിരുദ്ധ  നിലപാടുകള്‍ക്ക് നേരെ മൗനം പുലര്‍ത്തുന്നു. ഇതര മതസ്ഥരോടുള്ള തീവ്ര സങ്കല്‍പങ്ങളെ എതിര്‍ക്കുമ്പോഴും അവരെ രണ്ടാം കിട പൗരന്‍മാരായി കാണുന്ന മൗദൂദിയുടെ നിലപാടുകളെ സുതാര്യമായി തള്ളിക്കളയാന്‍ ഇന്നേ വരെ സംഘടനക്ക് സാധിച്ചിട്ടില്ല.  


വ്യക്തിനിയമങ്ങള്‍ക്കപ്പുറം പൊതുസമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം ഇതേ സമീപനം തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള മതപ്രഭാഷണങ്ങളെയും ശബ്ദ മലിനീകരണത്തെയും എതിര്‍ക്കാനുപയോഗിച്ചത്  ” അല്ലാഹു ചെവി കേള്‍ക്കാത്ത ആളല്ല ” എന്ന് പറയുന്ന ഹദീസാണ്.  ഈ കാര്യങ്ങളില്‍ നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഈ പുരോഗമന ചിന്തകളെ മുഴുവന്‍ പരിഹാസ്യമാക്കുന്ന നിലപാടാണ് പിന്നീട് വി.പി റജീനയുടേയും വിവാദമായ തന്റെ പഴയ സംവരണ ലേഖനത്തിനെയും സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള  മറുപടിയില്‍ കാണുന്നത്. കാന്തപുരം അടക്കമുള്ളവരുടെ സ്ത്രീ വിരുദ്ധതയെ സൈദ്ധാന്തികപരമായി വിലയിരുത്തുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ആള്‍ തന്നെ ഇതേ സ്ത്രീ വിരുദ്ധതയുടെ ഭാഗമായി റജീനയെ സംഘടിതമായി ആക്രമിച്ചവരുടെ വാദങ്ങളെ  പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

റജീന ആക്രമിക്കപ്പെട്ടത് ശരിയായില്ല എന്ന് പറയുമ്പോഴും റജീന മുന്നോട്ട് വെച്ച പ്രശ്‌നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം ജീര്‍ണിച്ച പൗരോഹിത്യ അച്ചിലൂടെ കണ്ട് അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതിന് ഹദീസിനെ കൂട്ടുപിടിക്കുന്നതാണ് അതിലേറെ പരിഹാസ്യം. എ.ആര്‍ ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ;

“പ്രവാചകന്‍ ഒരിക്കല്‍ പള്ളിയിലിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു പറഞ്ഞു, ഞാനൊരു പെണ്‍കുട്ടിയെ ബലമായി പിടിച്ചു ചുംബിച്ചു, എന്നെ ശിക്ഷിച്ചാലും. പ്രവാചകന്‍ പ്രതികരിച്ചില്ല. പിന്നെ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞ് അയാളോട് പ്രവാചകന്‍ പറഞ്ഞു. നിങ്ങള്‍ നമസ്‌കരിച്ചില്ലേ, അതു മതി. നമസ്‌ക്കാരം തെറ്റുകളെ പൊറുപ്പിക്കുമെന്ന് ”

ഇതില്‍ നിന്ന്  മനസ്സിലാക്കേണ്ടത്  “ചിലര്‍ക്ക് ചില ബലഹീനതകള്‍ ചില സമയത്തുണ്ടാകും. അതിനെ സാമാന്യവല്‍കരിക്കുന്നതും പെരുപ്പിച്ച് കാണിക്കുന്നതും ശരിയല്ല” എന്നാണെന്നും എ.ആര്‍ വിലയിരുത്തുന്നു.( വ്യക്തിപരമായി ഈ ഹദീസിന്റെ ഇങ്ങനെയൊരു രൂപം പ്രമുഖ ഹദീസ് ശേഖരങ്ങളിലൊന്നും  ഞാന്‍ കണ്ടിട്ടില്ല. പക്ഷേ “ബലാല്‍ക്കരമായി ” എന്ന വാക്ക് ഇല്ലാതെ ഇങ്ങനെയൊരു ഹദീസ് കണ്ടിട്ടുണ്ട് താനും. ആ വ്യത്യാസം വളരെ പ്രസക്തമാണെങ്കിലും  ഇവിടെ അതിനേക്കാള്‍ ഗൗരവമായ പ്രശ്‌നം വേറെയുണ്ട്.)

ഇപ്പറഞ്ഞ ഹദീസില്‍ തെറ്റ് തുറന്ന് പറഞ്ഞ് പശ്ചാത്തപിക്കുകയും അതിന് തക്കതായ ശിക്ഷ തരണമെന്ന് നബിയോട് പരസ്യമായി അപേക്ഷിക്കുകയും ചെയ്ത ആളാണുള്ളത്. ആ പശ്ചാത്താപവും ശിക്ഷ ഏറ്റുവാങ്ങാനുള്ള മനസ്സും ഉള്‍കൊണ്ടതിനാലാണ് നബി അയാളെ ശിക്ഷിക്കാതെ വിട്ടത്.

റജീന പറഞ്ഞ അനുഭവത്തില്‍ ആ ഉസ്താദ് പശ്ചാത്തപിക്കാനോ ശിക്ഷ ഏറ്റു വാങ്ങാനോ പോയിട്ട് കുറ്റം സമ്മതിക്കാന്‍ പോലും തയ്യാറായിട്ടില്ലായിരുന്നു !! തെറ്റുകള്‍ നിരന്തരമായി ചെയ്യുന്ന ഒരാളെക്കുറിച്ചാണ് റജീന പറയുന്നത്.  പിന്നെങ്ങനെയാണ് തീര്‍ത്തും വ്യത്യസ്തമായ ഈ രണ്ട് കേസും ഒരേ പോലെ കാണുന്നത്? “ബലഹീനതകള്‍ ” എന്ന ലളിതവല്‍കരണം കൊണ്ട് സ്ത്രീ പീഡനത്തെ നിസ്സാരവല്‍കരിക്കുന്നതും ആണ്‍കോയ്മയുടെ ഏറ്റവും മോശം രൂപം മാത്രമാണ്. റജീനയോടുള്ള വിരോധം തന്നെയാണ് ഫേസ്ബുക്ക് എന്ന മാധ്യമത്തോടും എ.ആര്‍ പുലര്‍ത്തുന്നത്. അതീ വാക്കുകളില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ട്;

“പണ്ട് കുളക്കടവിലും പുഴക്കരയിലും  പറഞ്ഞിരുന്നത് എന്തൊക്കെയാണോ അതൊക്കെയാണ് ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് അപ്പിലും ചര്‍ച്ച ചെയ്യുന്നത്. റജീനയുടെ പോസ്റ്റും അതിന് ലഭിച്ച പ്രതികരണങ്ങളുമെല്ലാം ആ നിലവാരത്തിലുള്ളതാണ്.” മുസ്‌ലീം പേഴ്‌സണല്‍ ബോര്‍ഡ് തന്നെ വ്യക്തമാക്കുന്ന ഒരു കാര്യമാണ്, റജീന ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നതും അത് പരിശോധിക്കപ്പെടേണ്ടതാണെന്നതും. അങ്ങനയാണെങ്കില്‍ മുസ്‌ലീം പേഴ്‌സണല്‍ ബോര്‍ഡിന്റെ അന്വേഷണങ്ങള്‍ എ.ആര്‍ പറയുന്ന അര്‍ത്ഥത്തില്‍ “കുളിക്കടവ്”സംഭാഷണമാണെന്ന് സമ്മതിക്കാന്‍ എ.ആര്‍ തയ്യാറാകുമോ?

(അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയും മാധ്യമമാണെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമത്തിന്റെ പത്രാധിപര്‍ക്ക് കുളിക്കടവ് തൊട്ട് ഫേസ്ബുക്കുവരെയുള്ള ഇടങ്ങളിലെ ഭാഷ മോശമാവുന്നതിലെ വൈരുദ്ധ്യം തല്‍ക്കാലം അവഗണിക്കാം.)

താന്‍ ഇതിലൊന്നും ഇടപെടാറില്ലെന്നും തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും അദ്ദേഹം തന്നെ പിന്നീട് പറയുന്നുണ്ട്. അക്കൗണ്ടില്ലാതെ, ഇടപെടാതെ തന്നെ ആധികാരികമായി അതേ പറ്റി അഭിപ്രായം പറയാനും ശക്തമായ നിലപാടെടുക്കാനും സാധിക്കുന്നു എന്നതാണ് ഇതിലെ മറ്റൊരു വൈരുധ്യം!

ജമാഅത്തും അതിന്റെ നേതാക്കളും വിവിധ കാലഘട്ടങ്ങളില്‍ പല വിഷയങ്ങളിലും എടുത്തിരുന്ന നിലപാടിന്റെ അടിസ്ഥാനവും ഇതു പോലൊരു  മനോഭാവം തന്നെയായിരുന്നു. സര്‍ക്കാര്‍ ജോലിയും തിരഞ്ഞെടുപ്പും തൊട്ട് സിനിമയോടും ചാനലിനോടും വരെയുള്ള പഴയ കാല നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ ഇക്കാര്യം വ്യക്തമാവും.

പിന്നീട് നിലപാടുകള്‍ പതുക്കെ മാറ്റുമ്പോഴും അതിനെ സൈദ്ധാന്തികപരമായി വിശദീകരിക്കാന്‍ മിനക്കെടാറില്ല അല്ലെങ്കില്‍ സാധിക്കാറില്ല എന്നതാണ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്.  ഈ ആശയക്കുഴപ്പം അണികളില്‍ പ്രകടമാവുന്നതും സ്വാഭാവികം.

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിക്കുമ്പോഴും മൗദൂദിയുടെ അറു പിന്തിരിപ്പന്‍ സ്ത്രീവിരുദ്ധ  നിലപാടുകള്‍ക്ക് നേരെ മൗനം പുലര്‍ത്തുന്നു. ഇതര മതസ്ഥരോടുള്ള തീവ്ര സങ്കല്‍പങ്ങളെ എതിര്‍ക്കുമ്പോഴും അവരെ രണ്ടാം കിട പൗരന്‍മാരായി കാണുന്ന മൗദൂദിയുടെ നിലപാടുകളെ സുതാര്യമായി തള്ളിക്കളയാന്‍ ഇന്നേ വരെ സംഘടനക്ക് സാധിച്ചിട്ടില്ല.

കാലികമായി  പ്രമാണങ്ങളെയും സങ്കല്‍പങ്ങളെയും അവതരിപ്പിക്കാനും  മൗദൂദിയന്‍ വ്യാഖ്യാനങ്ങളില്‍  തള്ളിക്കളയേണ്ടവയെ തള്ളിക്കളയാനുമുള്ള ആര്‍ജവവും ബൗദ്ധിക ശേഷിയുമുള്ള നേതൃത്വം ജമാഅത്തിനില്ലാതെ പോവുന്നു. തങ്ങളുടെ പാര്‍ട്ടിയെ/സ്ഥാപനത്തെ/നേതാക്കളെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സാധിക്കാത്തതിന് വലിയ വിലയാണ് പ്രസ്ഥാനം നല്‍കേണ്ടി വരുന്നത് എന്ന് പോലും അവര്‍ തിരിച്ചറിയുന്നില്ല.

ഒരു പാട് കാര്യങ്ങളില്‍ ഏറെ പുരോഗമനപരമായ നിലപാടുകള്‍ മുന്നോട്ട് വെക്കുമ്പോഴും തങ്ങളുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍  അതിന് കടക വിരുദ്ധമായ സമീപനം പുലര്‍ത്തുന്ന ഈ അഭിമുഖവും അത് തന്നെയാണ് കാണിക്കുന്നത്.  ഒരു സംഘടന നിലപാടുകള്‍ മാറ്റുവോള്‍ അത് ജൈവികവും സുതാര്യവുമാവേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് പോലുള്ള ഇരട്ടത്താപ്പുകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികമാണ്.  ഫലത്തില്‍ അത് നഷ്ടപ്പെടുത്തുന്നത് ഈ മുന്നോട്ട് വെക്കപ്പെട്ട പുരോഗമന ആശയങ്ങളുടെ കൂടി വിശ്വാസ്യതയാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം!

We use cookies to give you the best possible experience. Learn more