കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കാത്തതിനാല്‍ ഒ. അബ്ദുറഹ്മാനെ മാധ്യമം- മീഡിയാവണ്‍ പത്രാധിപ സ്ഥാനത്തുനിന്ന് മാറ്റി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുള്ളക്കോയയാണ് കഴിഞ്ഞ ദിവസം പുലാമന്തോളില്‍ ചേര്‍ന്ന യോഗത്തില്‍ ഒ. അബ്ദുറഹ്മാനെ പത്രാധിപ സ്ഥാനത്തുനിന്ന് മാറ്റുന്നതായി അറിയിച്ചത്.
മാധ്യമം -മീഡിയാവണ്‍ സ്ഥാപനങ്ങളിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ കൂടിയായ പുതുതലമുറയിലെ പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ഒ. അബ്ദുറഹ്മാന്റെ പല നിലപാടുകളോടും വിയോജിപ്പുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യം ചൂണ്ടിക്കാണിച്ച് ഒ. അബ്ദുറഹ്മാനെ പത്രാധിപ സ്ഥാനത്ത് നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നതായാണ് സൂചനകള്‍. യു.ഡി.എഫ് ബന്ധത്തെ ചൊല്ലി ജമാഅത്തെ ഇസ്‌ലാമിയില്‍ നിലനില്‍ക്കുന്ന ഭിന്നതയും നടപടിയ്ക്ക് കാരണമായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ലിബറല്‍ നിലപാടുകള്‍ സൂക്ഷിക്കുകയും ഇടതുപക്ഷവുമായി പലപ്പോഴും സൗഹൃദബന്ധം നിലനിര്‍ത്തുകയും മതേതരരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഒ. അബ്ദുറഹ്മാനെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തീവ്ര സാമുദായികവാദവും ഇടതുപക്ഷ വിരുദ്ധത സമീപനങ്ങളും സ്വീകരിക്കുന്ന പുതുതലമുറയിലെ പത്രാധിപ സമിതി അംഗങ്ങള്‍ ശ്രമിച്ചിരുന്നതായാണ് വിവരങ്ങള്‍.
ഒ. അബ്ദുറഹ്മാന്‍
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് നീക്കങ്ങളുടെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് ‘മാധ്യമ’ത്തിലെ ലേഖനത്തിലൂടെ ഒ. അബ്ദുറഹ്മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒ. അബ്ദുറഹ്മാന്റെ ലേഖനം ജമാഅത്തെ ഇസ്‌ലാമിയുടെ മുഖവാരികയായ ‘പ്രബോധ’നത്തില്‍ പ്രസിദ്ധീകരിക്കാനിരിക്കെ നേതൃത്വം ഇടപെട്ട് അത് തടയുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.
ഒ. അബ്ദുറഹ്മാനെതിരെ നടപടി സ്വീകരിച്ചതല്ല. പകരം അദ്ദേഹത്തെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാപരമല്ല എന്നും തന്നെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്നുമാണ് ഒ. അബ്ദുറഹ്മാന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. എന്നാല്‍ ‘മാധ്യമ’ത്തിന്റെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ഹെഡ് ഓഫീസില്‍ ദിവസവും വരുന്നതിലും പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതിനും ഒ. അബ്ദുറഹ്മാന് നിയന്ത്രണങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാര സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഉപദേശക സ്ഥാനത്തേക്ക് നീക്കുന്ന രീതിയാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നതെന്നാണ് പുലാമന്തോളില്‍ നടന്ന യോഗത്തില്‍ ഒ. അബ്ദുറഹ്മാന്‍ പ്രതികരിച്ചത്.
കൃത്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതിനാല്‍ മാധ്യമം മാനേജ്‌മെന്റിനെതിരെ തൊഴിലാളികളുടെ മുന്‍കൈയില്‍ വിവിധങ്ങളായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ സമരങ്ങളെ ഒതുക്കാനുള്ള മാനേജ്‌മെന്റ് ശ്രമങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തിലാണ് ഒ. അബ്ദുറഹ്മാനെ ചുമതലയില്‍ നിന്ന് മാറ്റി പുതിയ പത്രാധിപ സംഘത്തിന് ചുമതല നല്‍കിയതെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാധ്യമം ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
മാധ്യമം പത്രത്തിന്റെ എഡിറ്ററായി വി.എം. ഇബ്രാഹിമിനെയും ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി പി.ഐ. നൗഷാദിനെയുമാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.
പത്ര പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, മതപണ്ഡിതന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ഒ അബ്ദുറഹ്മാന്‍ 1987ല്‍ മാധ്യമം പത്രം ആരംഭിച്ചത് മുതല്‍ എഡിറ്റര്‍, എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫുമായി ഉണ്ടാക്കിയ സഖ്യം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് കാരണം ജമാഅത്ത് ബന്ധമാണെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയെ പര്യസമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. അതിനാല്‍ പരസ്യമായ ബന്ധം യു.ഡി.എഫുമായി തുടരാന്‍ സാധിക്കാത്ത ജമാഅത്തെ ഇസ്‌ലാമി രഹസ്യബന്ധം തുടരുന്നുവെന്നാണ് ഉയരുന്ന ആരോപണങ്ങള്‍.
ജമാഅത്തെ ഇസ്‌ലാമിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഉള്ള മണ്ഡലങ്ങളില്‍ അവരുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കാതിരിക്കുന്നതിന്റെ കാരണവും ഈ രഹസ്യബന്ധമാണെന്നാണ് വിമര്‍ശനങ്ങള്‍
യു.ഡി.എഫുമായി ജമാഅത്തെ ഇസ്‌ലാമിയെ അടുപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് മുസ്‌ലിം ലീഗായിരുന്നു. മുസ്‌ലിം ലീഗുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗിനോടുള്ള ഉപകാര സ്മരണ തുടരണമെന്ന നിലപാടിനാണ് മേല്‍ക്കൈ ലഭിച്ചത്. മുസ്‌ലിം ലീഗ് മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന്റെ കാരണവും ലീഗുമായുള്ള ധാരണ തന്നെയാണെന്നാണ് വിലയിരുത്തലുകള്‍.
ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫുമായുള്ള രഹസ്യബന്ധം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ നിലപാട് സ്വീകരിക്കുന്ന മാധ്യമം എഡിറ്ററെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക