മുംബൈയുടെ പ്രതാപമൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല; രഞ്ജി ട്രോഫി കിരീടം ചൂടി മധ്യപ്രദേശ്: ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ ചരിത്രം
Cricket
മുംബൈയുടെ പ്രതാപമൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല; രഞ്ജി ട്രോഫി കിരീടം ചൂടി മധ്യപ്രദേശ്: ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th June 2022, 5:59 pm

ഈ കൊല്ലത്തെ രഞ്ജി ട്രോഫി സീസണ്‍ അവസാനിച്ചു. മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടിയ ഫൈനലില്‍ മുംബൈയെ തകര്‍ത്താണ് മധ്യപ്രദേശ് ജേതാക്കളായത്. 42ാം കിരീടം ലക്ഷ്യമിട്ടായിരുന്നു മുംബൈ ഇറങ്ങിയതെങ്കില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടായിരുന്നു മധ്യപ്രദേശ് ഇറങ്ങിയത്.

അവസാന ദിനം 108 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ മധ്യപ്രദേശ് ആറ് വിക്കറ്റിനായിരുന്നു വിജയിച്ചത്. ഹിമാന്‍ഷു മട്രി 37 റണ്‍സെടുത്തപ്പോള്‍ രജത് പാടിദാര്‍ പുറത്താകാതെ 30 റണ്ണെടുത്ത് മധ്യപ്രദേശിനെ വിജയിത്തിലേക്കെത്തിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 269 റണ്ണിന് മുംബൈയെ പുറത്താക്കാന്‍ മധ്യപ്രദേശിന് സാധിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ നാല് വിക്കറ്റ് വീഴ്ത്തിയ കുമാര്‍ കാര്‍തികേയാണ് മുംബൈയുടെ നടുവൊടിച്ചത്.

ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 374 റണ്ണിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 536 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. മുംബൈക്കായി ആദ്യ ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ 134 റണ്ണും ജെയ്‌സ്വാള്‍ 78 റണ്ണും നേടിയിരുന്നു.

മധ്യപ്രദേശ് നിരയില്‍ യാഷ് ദുബെ, ശുഭം ശര്‍മ, രജത് പാടിദാര്‍ എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയത്. ദുബെ 133 റണ്‍ നേടിയപ്പോള്‍ ശുഭം ശര്‍മ 116ഉം പാടിദാര്‍ 122ഉം റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍ കൂടെ നേടിയ ശുഭം ശര്‍മയാണ് കളിയിലെ താരം.

23 വര്‍ഷത്തിന് ശേഷമായിരുന്നു മധ്യപ്രദേശ് രഞ്ജി ഫൈനലില്‍ പ്രവേശിച്ചത്. 1999ലായിരുന്നു അവസാനമായി മധ്യപ്രദേശ് ഫൈനല്‍ കളിച്ചത്. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന ചന്ത്രകാന്ത് പണ്ഡിറ്റ് ഇത്തവണ മധ്യപ്രദേശിന്റെ കോച്ചായിരുന്നു.

1999ല്‍ ഇതേ ഗ്രൗണ്ടിലായിരുന്നു മധ്യപ്രദേശ് തോറ്റത്. എന്നാല്‍ ഇന്ന് അതേ ഗ്രൗണ്ടില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് മധ്യപ്രദേശ്.

അതേ സമയം 42ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ മികച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. സ്‌കോര്‍ അടിച്ചുകൂട്ടിയ മുംബൈയുടെ സര്‍ഫറാസ് ഖാനായിരുന്നു ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഐ.പി.എല്ലിന് ശേഷം വളരേ ആവേശത്തില്‍ നടന്ന ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തെ രഞ്ജി ട്രോഫി.

Content Highlights: Madhya Pradesh won Ranji Trophy by beating Mumbai