ഇന്‍ഡോര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിങ് പ്രതിയായ ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന സുനില്‍ ജോഷി വധക്കേസ് പുനരന്വേഷിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രജ്ഞ സിങ്ങിന്റെ സഹായിയായ ജോഷി 2007 ഡിസംബര്‍ 29നാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.
കേസില്‍ പ്രജ്ഞാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ 2017ല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
ഈ കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മ പറഞ്ഞു.
‘ ഇക്കാര്യത്തില്‍ ഞങ്ങള്‍ നിയമോപദേശം തേടുകയും മേല്‍ക്കോടതിയിലേക്ക് പോകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും’ അദ്ദേഹം പറഞ്ഞു.
അന്നത്തെ ജില്ലാ കലക്ടര്‍ നിയമ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിയമോപദേശം തേടുന്നതിനു പകരം കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശര്‍മ്മ ആരോപിച്ചു.
ഇത് പ്രതികാര രാഷ്ട്രീയമാണെന്ന് ബി.ജെ.പി ആരോപിച്ചു. ‘ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ പ്രജ്ഞ മത്സരിച്ചതുകൊണ്ടാണ് മധ്യപ്രദേശ് ഈ തീരുമാനമെടുത്തതെന്നാണ് തോന്നുന്നത്. ഇത് വിദ്വേഷ രാഷ്ട്രീയമാണ്.’ ബി.ജെ.പി വക്താവ് രജ്‌നീഷ് അഗര്‍വാള്‍ പറഞ്ഞു.
2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ജാമ്യത്തിലിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
സംഝോതാ സ്ഫോടനത്തിന്റെയും അജ്മീര്‍ സ്ഫോടനത്തിന്റെയും ഗൂഢാലോചന ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടന്നത് എന്നായിരുന്നു പൊലീസ് നിഗമനം. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സുനില്‍ ജോഷി ദേവദാസ് ടൗണില്‍ ഒളിവില്‍ കഴിയവെയായിരുന്നു വെടിയേറ്റ് മരിച്ചത്.
2007ലെ സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോഷി പ്രതിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി ഹിന്ദുത്വ തീവ്രവാദ കേസുകളിലെ മുഖ്യ കണ്ണിയായിരുന്നു.