'സ്പീക്കറെ കാണാന്‍ പ്രത്യേക സുരക്ഷ വേണം'; ആവശ്യവുമായി വിമത എം.എല്‍.എമാര്‍
Madhyapradesh Crisis
'സ്പീക്കറെ കാണാന്‍ പ്രത്യേക സുരക്ഷ വേണം'; ആവശ്യവുമായി വിമത എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th March 2020, 7:57 pm

ഭോപ്പാല്‍: സ്പീക്കറെ കാണാന്‍ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ വിമത എം.എല്‍.എമാര്‍.
ആറ് മന്ത്രിമാരടങ്ങുന്ന വിമത എം. എല്‍മാരാണ് സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്‌സിന്റെ സുരക്ഷ ആവശ്യപ്പെട്ട് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ എന്‍.പി പ്രജാപതിക്ക് കത്തയച്ചിരിക്കുന്നത്. 22 പേരില്‍ 13 പേരോട് ഇന്നോ നാളെയോ ആയി നേരില്‍ കാണണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.

ആറ് വിമത മന്ത്രിമാരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട അതേസമയം തന്നെയാണ് ഏഴ് എം.എല്‍.എമാര്‍ക്കും സ്പീക്കര്‍ നോട്ടീസയച്ചത്.

ആറ് വിമത മന്ത്രിമാരെ ഗവര്‍ണര്‍ ലാല്‍ജി ടണ്ടര്‍ ഇന്ന് പുറത്താക്കിയിരുന്നു. വിമത മന്ത്രിമാരെ പുറത്താക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ഈ ആറ് മന്ത്രിമാരുള്‍പ്പെടെയുള്ള 19 വിമത എം.എല്‍.എമാരാണ് ബെംഗളൂരുവിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇന്ന് വൈകീട്ട് ഭോപാലില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഭോപാല്‍ വിമാനത്താവളത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും വാക്കേറ്റം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കമല്‍നാഥ് ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. വിശ്വാസവോട്ടെടുപ്പിനെ താന്‍ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ 22 എം.എല്‍.എമാരെയും സ്വതന്ത്രരാക്കിയാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്തൂ എന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ