| Saturday, 21st October 2023, 6:22 pm

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കാവിക്കോട്ടകൾ തകർക്കാൻ കുടുംബാംഗങ്ങളെ രംഗത്തിറക്കി കോൺഗ്രസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ബി.ജെ.പി കോട്ടകൾ തകർക്കാൻ പഴയ ബി.ജെ.പി കുടുംബങ്ങളിലെ വിളളലുകൾ മുതലെടുക്കാനൊരുങ്ങി കോൺഗ്രസ്‌. മുൻ ബി.ജെ.പി എം.എൽ.എമാരെ ഉൾപ്പെടെയാണ് കോൺഗ്രസ്‌ കളത്തിലിറക്കുന്നത്.

88 പേർ ഉൾപ്പെടുന്ന രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ്‌ പുറത്തുവിട്ടിരുന്നു. ഇതിൽ മുൻ മന്ത്രി ഉൾപ്പെടെ അഞ്ച് മുൻ ബി.ജെ.പി നേതാക്കളും ഉൾപ്പെടുന്നുണ്ട്. മുൻ മധ്യപ്രദേശ് മന്ത്രിയായ ദീപക് ജോഷിക്ക് പുറമേ ഗിരിജ ശങ്കർ ശർമ, ഭൻവർ സിങ് ഷെഖാവത്, അഭയ് മിഷ്റ എന്നീ മുൻ എം.എൽ.എമാരും കോൺഗ്രസ്‌ തട്ടകത്തിൽ മത്സരിക്കാനൊരുങ്ങുന്നു.

പഴയ ബി.ജെ.പി കുടുംബങ്ങൾക്കിടയിലെ വിളളലുകൾ മുതലെടുത്ത് കോൺഗ്രസിന് ഇതുവരെ വിജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങൾ നേടാനും കോൺഗ്രസ്‌ ലക്ഷ്യമിടുന്നുണ്ട്. വിന്ധ്യ, ബുന്ദേൽകണ്ഡ് പ്രദേശങ്ങളിലെ രണ്ട് മണ്ഡലങ്ങളിൽ നിരവധി തവണ ബി.ജെ.പി എം.എൽ.എമാരായ നേതാക്കളുടെ അടുത്ത ബന്ധുക്കളെയാണ് കോൺഗ്രസ്‌ മത്സരിപ്പിക്കുന്നത്.

വിന്ധ്യയിലെ ദ്യോതലബ് മണ്ഡലത്തിൽ സ്പീക്കറും മൂന്ന് തവണ എം.എൽ.എയുമായ ഗിരീഷ് ഗൗതമിനെതിരെ അദ്ദേഹത്തിന്റെ അനന്തിരവൻ പദ്മേഷ് ഗൗതമിനെയാണ് കോൺഗ്രസ്‌ മത്സരിപ്പിക്കുന്നത്. 2022ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ, തന്റെ കസിനും വിധാൻ സഭാ സ്പീക്കറുടെ മകനുമായ രാഹുൽ ഗൗതമിനെ പദ്മേഷ് ഗൗതം തോൽപ്പിച്ചിരുന്നു.

ബുന്ദേൽകണ്ഡിലെ സാഗർ മണ്ഡലം മൂന്ന് ദശാബ്ദങ്ങളായി ബി.ജെ.പി കോട്ടയാണ്. മൂന്ന് തവണ എം.എൽ.എയായ ഷൈലേന്ദ്ര ജെയ്നിനെതിരെ അദ്ദേഹത്തിന്റെ ജ്യേഷ്ഠപത്നി നിധി ജെയ്നിനെയാണ് കോൺഗ്രസ്‌ കളത്തിലിറക്കുന്നത്.

2022ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സാഗർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടെങ്കിലും 58,000 വോട്ടുകൾ നേടാൻ നിധിക്ക് സാധിച്ചു എന്നതാണ് അവരിൽ കോൺഗ്രസ്‌ പ്രതീക്ഷ യർപ്പിക്കാൻ കാരണം.

ആകെയുള്ള 230 സീറ്റുകളിലേക്ക് 144 സ്ഥാനാർത്ഥികളെ കോൺഗ്രസ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പുതിയ പട്ടികയിൽ മാറ്റിയിട്ടുണ്ട്.

Content Highlight: Madhya Pradesh polls: Congress eyeing to win saffron bastions, fields BJP rebels

We use cookies to give you the best possible experience. Learn more